പൂവോ വസ്ത്രമോ; ചിറ്റാടയുടെ അർഥം തേടി സമൂഹമാധ്യമങ്ങൾ

പയ്യന്നൂർ: വ്യാഴാഴ്ച നടന്ന എസ്.എസ്.എൽ.സി മലയാളം പരീക്ഷയിൽ ചിറ്റാട എന്ന വാക്കിന്റെ അർഥം തേടി സമൂഹമാധ്യമങ്ങൾ.
അവസാന ചോദ്യമായി നൽകിയത് വി. മധുസൂദനൻ നായരുടെ ഓണക്കിനാവ് എന്ന കവിത നൽകി പ്രമേയം, ആസ്വാദനാശംസകൾ, പ്രയോഗ ഭംഗി ഇവ എഴുതാനുള്ളതാണ്. ഇതിലാണ് ചിറ്റാട എന്ന വാക്കിന്റെ അർഥം രണ്ടു രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത്.
പി.പി. ജനാർദനൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ സംവാദാത്മകവും വൈറലുമാവുന്നത്. ചിറ്റാട എന്ന വാക്കിന്, ഓണത്തിന് ധാരാളമായി ലഭിക്കുന്ന പൂവ് എന്ന് അർഥമാണ് ചോദ്യത്തിൽ കൊടുത്തത്. ഈ പൂവ് ഏതാണ് എന്ന ചോദ്യത്തോടൊപ്പം ചിറ്റാട കുട്ടികൾ ഉടുക്കുന്ന ഉടുപ്പാണെന്ന വാദഗതിയാണ് വിദഗ്ധർ ഉയർത്തുന്നത്.
ചിറ്റാട കുട്ടികൾ ഉടുക്കുന്ന ചെറുമുണ്ടാണെന്ന് ഭൂരിഭാഗം പേരും പറയുന്നു. പൂവെന്ന് പറയാനാവില്ല ചെറു വസ്ത്രമാണെന്ന് പ്രശസ്ത നിരൂപകനും റിട്ട. അധ്യാപകനുമായ ഇ.പി.രാജഗോപാലൻ പറഞ്ഞു. ‘കുതുകാൽ തടവീ ചിറ്റാടപ്പൂ കൂടുതലൊന്നു തുടുപ്പിച്ചൂ’ എന്നു പിയുടെ കവിതയിൽ ഉപയോഗിച്ചതായി ചിലർ അഭിപ്രായപ്പെടുന്നു.
ഓണത്തിനും വിഷുക്കാലത്തും ഈ വസ്ത്രം പ്രത്യേകമായി നെയ്തെടുക്കാറുണ്ടെന്ന് ഈ രംഗത്തുള്ളവരും പറയുന്നു. ഓണക്കാലത്ത് പറമ്പുകളിലും മറ്റും വ്യാപകമായി കണ്ടുവരുന്ന ചെറിയ പിങ്ക് പൂക്കളാണ് കവി ഉദ്ദേശിച്ചതെന്നും ചോദ്യകർത്താവിനെ കുറ്റപ്പെടുത്താനാവില്ലെന്ന വാദവും ചിലർ ഉയർത്തുന്നു.