നാടുകാണി അഖിലേന്ത്യാ വോളിക്ക് ഇന്ന് തുടക്കം

തളിപ്പറമ്പ്: മൈഗ്രൂപ്പ് വാട്‌സ്ആപ്പ് കൂട്ടായ്മയും വ്യാപാരി വ്യവസായി ഏകോപനസമിതിയും മൊബൈൽ സിറ്റിയും സ്‌പോർട്‌സ് കൗൺസിലും സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ഞായറാഴ്‌ച നാടുകാണിയിൽ തുടങ്ങും.
അൽമഖറിന് സമീപം 5000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക സ്റ്റേഡിയത്തിലെ മത്സരങ്ങൾ രാത്രി 7.30ന് ആരംഭിക്കും.
ഞായർ രാത്രി ഏഴിന് നടൻ സന്തോഷ് കീഴാറ്റൂർ, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കെ സി ലേഖ എന്നിവർ ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ കെഎസ്ഇബി തിരുവനന്തപുരവും ഇന്ത്യൻ നേവിയും ഏറ്റുമുട്ടും. തിങ്കൾകേരള പൊലീസ് –-ഇന്ത്യൻ എയർഫോഴ്‌സ്, ചൊവ്വ ഇന്ത്യൻ ആർമി–- ഇന്ത്യൻ റെയിൽവേ, 15ന് ബിപിസിഎൽ –-കർണാടക ടീമുകൾ മത്സരിക്കും. 16നും 18നും സെമിഫൈനലും 19ന് ഫൈനലുമാണ്.
വനിതാ വിഭാഗത്തിൽ ഖേലോ ഇന്ത്യ അക്കാദമി പത്തനംതിട്ട, കണ്ണൂർ കൃഷ്ണമേനോൻ കോളേജ്, പാല അൽഫോൻസ് കോളേജ് , സെന്റ് ജോസഫ് ഇരിങ്ങാലക്കുട ടീമുകൾ മത്സരിക്കും. കോളേജ് പുരുഷ വിഭാഗത്തിലും മത്സരമുണ്ട്.
താൽക്കാലിക ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യവും ഫുഡ്കോർട്ടും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ എം കെ മനോഹരൻ, വൈസ് ചെയർമാൻ ഡോ. രഞ്ജീവ്, ട്രഷറർ ജബ്ബാർ മൊബൈൽ സിറ്റി, ഷാജു എന്നിവർ പങ്കെടുത്തു.