പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ നല്കിയ കേസിൽ അന്തിമ വിധി വരാനിരിക്കെ ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച് ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ എന്നിവർ നല്കിയ ഹർജിയിലാണ് അഡ്വ.കമ്മീഷണർ ജയകുമാർ നമ്പൂതിരി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.
ഹർജിക്കാരുടെ വീടുകളിലേക്ക് മറ്റു സാധ്യമായ വഴികൾ, മാസ്റ്റർ പ്ലാനിൽ സാധ്യമായ മാറ്റം വരുത്തൽ,നിലവിലുള്ള ആസ്പത്രി കോമ്പൗണ്ടിനുള്ളിലെ റോഡിന്റെ പഴക്കം തുടങ്ങിയവ നേരിട്ട് പരിശോധിക്കാനാണ് ഹൈക്കോടതി അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.
ഹർജിക്കാരുടെ ആവശ്യപ്രകാരം മുൻപ് അഡ്വ.കമ്മീഷണറെ നിയോഗിക്കുകയും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ,ഇതിനെതിരെ സർക്കാർവിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രണ്ടാമതും അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.
ഹർജിക്കാരുടെ വീടുകളിലേക്ക് ആസ്പത്രി കോമ്പൗണ്ടിനുള്ളിലൂടെയല്ലാതെ മറ്റു വഴികൾ സാധ്യമാണെന്നും ഇക്കാര്യം പരിശോധിക്കുന്നതിൽ ആദ്യം നിയോഗിച്ച അഡ്വ.കമ്മീഷണർ വീഴ്ച വരുത്തിയെന്നും ഗവ.പ്ലീഡർ അഡ്വ.കെ.പി.ഹാരിഷ് വാദിച്ചു.
2021 ജൂലായിൽ നല്കിയ ഹർജിയിൽ നടപടി വൈകുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ പേരാവൂർ സ്വദേശി ബേബി കുര്യൻ കേസിൽ കക്ഷി ചേർന്നിരുന്നു.സംസ്ഥാന ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള ആസ്പത്രി ഭൂമിയിലൂടെ വ്യക്തികൾക്ക് വഴി അനുവദിക്കരുതെന്നും ഹർജിക്കാർ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും ബേബി കുര്യനു വേണ്ടി ഹാജരായ അഡ്വ.വിമല ബേബിയും വാദിച്ചു.
ഇതേത്തുടർന്നാണ് സംയുക്ത പരിശോധനക്ക് ഹൈക്കോടതി ഉത്തരവിട്ടത്.പേരാവൂർ-പുതുശേരി റോഡിൽ നിന്ന് ഹർജിക്കാരിൽ രണ്ട് പേരുടെ വീടുകളിലേക്ക് സാധ്യമായ വഴികൾ,ബ്ലോക്ക് ഓഫീസ് റോഡിൽ നിന്ന് സാധ്യമായ വഴികൾ,ബസ് സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ റോഡിൽ നിന്നുള്ള സാധ്യതകൾ എന്നിവയാണ് കമ്മീഷണർ പരിശോധിച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകനായ അഭിലാഷ് മാത്തൂർ ഹാജരായി.ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ,താലൂക്കാസ്പത്രി സൂപ്രണ്ട് എച്ച്.അശ്വിൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ബേബി കുര്യൻ,ഹർജിക്കാരായ ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ,റാബിയ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഹാജരായി.പേരാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.
ആരോഗ്യ വകുപ്പിന്റെ ഭൂമിയിലൂടെ യാതൊരു കാരണവശാലും പൊതുവഴി അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ യാതൊരു മാറ്റവും അനുവദിക്കില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ അഡ്വ.കമ്മീഷണർ മുൻപാകെ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ 2021 ജൂലായിൽ നല്കിയ ഹർജിയിൽ സിംഗിൽ ബെഞ്ച് അനുവദിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞമാസം നീക്കം ചെയ്തിരുന്നു.മാസ്റ്റർ പ്ലാനിനു വേണ്ടി കിഫ്ബി 53 കോടിയുടെ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കേസ് തീർപ്പാകാത്തതിനാൽ ആസ്പത്രിയുടെ നിർമാണം നിലച്ചിരിക്കുകയാണ്.