കൊട്ടിയൂർ : പകൽ സമയത്തും പുലിയുടെ മുരൾച്ചയും അലർച്ചയും പതിവായതോടെ വനം വകുപ്പിനെ അവഗണിച്ചു പുലിയെ നേരിടാൻ തയാറെടുക്കുകയാണ് നാട്ടുകാർ. 20 ദിവസത്തിൽ അധികമായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിക്കു ചുറ്റുവട്ടങ്ങളിലെ പ്രദേശങ്ങളിൽ പുലിക്കൂട്ടം വിലസാൻ തുടങ്ങിയിട്ട്.
പുലിയെ കൂടുവച്ച് പിടിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ അഭിപ്രായത്തെ വരെ തള്ളിയാണ് പുലി വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
പകൽ സമയത്തും പുലികളെ ജനങ്ങൾ കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ മേഖലയിൽ പുലികളില്ലെന്ന് പ്രചരിപ്പിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. പുലിയെ പിടികൂടി പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്ന കടുത്ത നിലപാട് സ്വീകരിക്കുന്ന കൊട്ടിയൂർ പഞ്ചായത്തിനെ വെല്ലുവിളിക്കുന്ന നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും തമ്മിൽ തർക്കം വർധിച്ചു വരികയാണ്.
പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ അടുത്ത നടപടികൾ എന്തെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു. കൊട്ടിയൂർ പഞ്ചായത്തിലെ 2, 3 വാർഡുകളിലെ നിർമാണ പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിലെ പണികളും തടസ്സപ്പെട്ടിട്ട് ആഴ്ചകളായി. കശുമാവിൻ തോട്ടങ്ങളിൽ നിന്ന് കശുവണ്ടി എടുക്കാനോ റബ്ബർ ടാപ്പിങ് നടത്താനോ കൃഷിയിടങ്ങളിൽ മറ്റു പണികൾ നടത്താനോ സാധിക്കുന്നില്ല.
കുട്ടികളെ സ്കൂളിൽ വിടാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്. പുലി സാന്നിധ്യമുള്ള പ്രദേശത്തെ തൊഴിലുറപ്പ് പണികൾ മുടങ്ങിയതോടെ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, അംഗങ്ങളായ ജീജ ജോസഫ്, ഉഷ അശോക്കുമാർ എന്നിവർ പാലുകാച്ചിയിലെത്തി തൊഴിലാളികളോട് ചർച്ച നടത്തി. വനം വകുപ്പിന്റെ സഹകരണം ഉണ്ടാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് തന്നെ പുലിയെ തുരത്താൻ ഉള്ള നടപടികൾ സ്വീകരിച്ചേക്കും.
പുലിപ്പേടിയിൽ അംബിക വിറ്റൊഴിവാക്കിയത് ഉപജീവനമാർഗം
പാലുകാച്ചി ∙ മഴയും വെയിലും കൊണ്ട്, തീറ്റ കൊടുത്തു വളർത്തിയ ആടുകളെ പുലി പിടിക്കാതിരിക്കാൻ നിസാര വിലയ്ക്ക് വിറ്റ് വീട്ടമ്മ. പാലുകാച്ചിയിലെ ചരുവിളയിൽ അംബികയാണ് ഏഴ് ആടുകളെ വെറും 22,000 രൂപയ്ക്ക് വിറ്റത്. പാലുകാച്ചിയിൽ അംബികയുടെ വീടിന് 50 മീറ്റർ മാത്രം അകലെയാണ് ശനിയാഴ്ച പകൽ 9 മണിക്കു പുലി എത്തിയത്. വലിയ മുരൾച്ചയും തുടർന്ന് അലർച്ചയും കേട്ടതോടെ ആടുകൾ ഭയന്ന് ബഹളമുണ്ടാക്കി.
അംബികയുടെ ഭർത്താവ് ഷിബു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ദീർഘനാളായി ചികിത്സയിലാണ്. 25 സെന്റ് സ്ഥലത്ത് പച്ചക്കറിയും വാഴയും കൃഷി ചെയ്തും ആടുകളെ വളർത്തി വിറ്റുമാണ് അംബികയും ഷിബുവു കഴിഞ്ഞിരുന്നത്. മൺകട്ട കൊണ്ടു ഭിത്തി കെട്ടി ഷീറ്റു മേഞ്ഞ ഒരു വീട്ടിലാണു കഴിഞ്ഞ 30 വർഷമായി ഈ കുടുംബം കഴിയുന്നത്.
ലൈഫ് പദ്ധതിയിൽ വീടിനു വേണ്ടി ശ്രമിച്ചെങ്കിലും കൈവശ ഭൂമി 25 സെന്റ് ഉണ്ടെന്ന കാരണത്താൽ അപേക്ഷ നിരസിക്കുകയായിരുന്നു. ഇടിഞ്ഞു വീഴാറായ ഈ വീടിന്റെ മുറ്റത്താണു കമുകിന്റെ വാരിയും ഷീറ്റുമുപയോഗിച്ച് ആട്ടിൻകൂട് നിർമിച്ചിരുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ് ഈ പ്രദേശത്തു പുലിയുടെ വിളയാട്ടം വർധിച്ചത്. ഈ ആട്ടിൻകൂട് തകർത്ത് അകത്തു കയറി പുലിക്ക് ആടുകളെ പിടിക്കാൻ സാധിക്കും.
പുലിയെ ഭയന്നു വീടിനു പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു അംബികയും ഷിബുവും. ഒടുവിൽ ശനിയാഴ്ച രാവിലെ പുലി വീടിന്റെ മുറ്റത്തു വരെ എത്തിയതോടെ ഭയം വർധിച്ചു. ഉടൻ തന്നെ ആടിനെ വിറ്റു. ഇരട്ടി വില കിട്ടുമായിരുന്നു.
എന്നാൽ തീറ്റ നൽകി വളർത്തിയിരുന്ന ആടുകളെ പുലിക്കു തീറ്റയാകാൻ വിട്ടു കൊടുക്കില്ല എന്ന് തീരുമാനിച്ചാണ് കിട്ടിയ വിലയ്ക്കു വിറ്റത്. ഷിബുവിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും മറ്റെന്ത് മാർഗം എന്നറിയില്ലെന്നു പറയുമ്പോൾ അംബികയ്ക്കു കണ്ണീർ വറ്റിയിട്ടില്ല.