പുലിപ്പേടിയിൽ നാട്: പ്രതിസന്ധിയിലായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയും

Share our post

കേളകം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലുകാച്ചിയിൽ വനം വകുപ്പ് ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി പ്രതിസന്ധിയിൽ. പാലുകാച്ചിയിൽ പുലിക്കൂട്ടം വിലസുന്ന സാഹചര്യത്തിൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം നൽകാൻ സാധിക്കാതെ വന്നതോടെയാണ് പദ്ധതി മരവിച്ച അവസ്ഥയിലായത്. ടൂറിസം പ്രദേശത്ത് രണ്ടിൽ കൂടുതൽ പുലികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മറ്റ് വന്യജീവികളും ഈ മേഖലയിലേക്ക് എത്തിയിട്ടുള്ളതായും നാട്ടുകാർ സംശയിക്കുന്നു. ശാന്തിഗിരി മേഖലയിൽ കടുവയും ഉണ്ടായിരുന്നതായി നാട്ടുകാർ മൂന്ന് ആഴ്ച മുൻപ് പരാതിപ്പെട്ടിരുന്നു. കൂടാതെ കാട്ടുപന്നിയുടെ ശല്യവും സമീപ കാലത്ത് വർധിച്ചിട്ടുണ്ട്.

പ്രതിരോധം കടുപ്പിച്ചു

വിഷയത്തിൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് കർഷക വിരുദ്ധ നിലപാടാണ് തുടരുന്നത് എന്നതിനാൽ കർഷക സംഘടനകളും കടുത്ത നിലപാടുമായി രംഗത്ത് വന്നു. ഈ ആഴ്ച വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഒട്ടേറെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം കൊട്ടിയൂർ പഞ്ചായത്തും വനം വകുപ്പിന് എതിരെ നിലപാട് കടുപ്പിക്കുകയാണ്. വന്യജീവികളെ പ്രതിരോധിക്കാൻ ജനകീയമായി ഇടപെടും എന്ന് പഞ്ചായത്ത് നിലപാട് പ്രഖ്യാപിച്ചിരുന്നു.

കേളകം കൊട്ടിയൂർ പഞ്ചായത്തുകളുടെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ പുലിക്കൂട്ടത്തിനെ സാന്നിധ്യം പതിവായിട്ട് 20 ദിവസം പിന്നിട്ടു. പുലിയെ പിടിക്കാനുള്ള ശ്രമം ഒന്നും വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതു വരെ ഉണ്ടായിട്ടില്ല. മന്ത്രിയുടെ അനുമതി കിട്ടാനായി കാത്തിരിക്കുകയാണ് എന്നുള്ള വിശദീകരണം മാത്രമാണ് വനംവകുപ്പ് ഇപ്പോഴും നൽകുന്നത്.

മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ചു

നടപടികൾ ഉണ്ടാകാതെ വന്ന സാഹചര്യത്തിലാണ് പുലികളെ പിടി കൂടി ഈ മേഖലയിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രി മുതൽ കലക്ടർ വരെ ഉള്ളവർക്ക് ഇ മെയിൽ അയച്ചത്. ഇന്ന് കൂടി മറുപടി ലഭിക്കാതെ വന്നാൽ പുലികളെ തുരത്താനുള്ള നടപടികൾക്കായി മറ്റ് വഴികൾ തേടുമെന്നാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോഴും കേൾക്കാം ഭീതിയുടെ മുരൾച്ച

പ്രദേശത്ത് പുലികളുടെ മുരൾച്ചയും ശബ്ദവും കേൾക്കാം എന്ന് നാട്ടുകാർ പറയുന്നു. എല്ലാത്തരം കൃഷിപ്പണികളും വന്യജീവികളെ ഭയന്ന് കർഷകർ നിർത്തി വച്ചിരിക്കുകയാണ്. എന്നിട്ടും കൂടും കെണിയും വച്ച് പാലുകാച്ചിയിലുളള പുലികളെ പിടിക്കണം എന്ന ജനങ്ങളുടെ ആവശ്യത്തോട് സർക്കാരും വനം വകുപ്പും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇത് സംബന്ധിച്ച് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസവും വിവിധ വകുപ്പുകൾക്കും മുഖ്യമന്ത്രി, കലക്ടർ എന്നിവർക്കും ഇ മെയിൽ അയച്ചിരുന്നു. ഇവയ്ക്ക് മറുപടി ലഭിച്ചിട്ടില്ല. ഇന്ന് മറുപടി ലഭിച്ചില്ല എങ്കിൽ പുലികളെ കൊട്ടിയൂർ പഞ്ചായത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ മറ്റ് മാർഗങ്ങൾ തേടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!