ഓവുചാലിലെ മലിന ജലം പുറത്തേക്കൊഴുകുന്നു: മലീമസം, ഈ കാഴ്ച

തലശ്ശേരി: ഓവുചാലിലെ മലിന ജലം നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്നു. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഓടത്തിൽ പളളിയിലേക്ക് കടക്കുന്ന ഇടറോഡിലാണ് ദുരിതക്കാഴ്ച.
പള്ളിയിലേക്കടക്കം നിത്യവും നിരവധിയാളുകൾ കടന്നുപോകുന്ന വഴിയാണിത്. പരിസരത്തെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിൽ നിന്നുള്ള മലിന ജലമാണ് ഓവുചാലിലൂടെ ഒഴുകിയെത്തുന്നത്.
ഇതിനു മുമ്പും നിരവധി തവണ ഓവുചാൽ നിറഞ്ഞ് മലിന ജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയുണ്ടായിരുന്നു.എന്നാൽ, മലിനജലം സുഗമമായി ഒഴുകാനുളള ശാസ്ത്രീയ സംവിധാനമൊരുക്കാൻ ഇവിടെ സാധിച്ചിട്ടില്ല.
നഗരം മാലിന്യമുക്തമാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുമ്പോഴും നഗരത്തിലെ അഴുക്കുചാലുകൾ പലതും കുമിഞ്ഞുകൂടി ദുർഗന്ധം പരക്കുകയാണ്.
പൊതുസ്ഥലങ്ങളിലെ ഓവുചാലുകളിൽ കൂടി ഹോട്ടലുകാരും ചില വീട്ടുകാരും മലിനജലം കടത്തിവിടുമ്പോൾ ആരോഗ്യ വകുപ്പധികൃതർ മൗനം പാലിക്കുകയാണ്. നഗരത്തിലെ പലയിടത്തും ഇത്തരം കാഴ്ചകൾ സ്ഥിരമാണ്.