പീഡനത്തിനിരയായ എഴുപതുകാരിയുടെ ആത്മഹത്യ: വിചാരണ തുടങ്ങി

തലശേരി: ബലാത്സംഗത്തിനിരയായ ഇരിട്ടി പയഞ്ചേരി വികാസ്‌നഗറിലെ എഴുപതുകാരി ആത്മഹത്യചെയ്‌ത കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (1) കോടതിയിൽ ആരംഭിച്ചു.
ഒന്നുമുതൽ മൂന്നുവരെ സാക്ഷികളായ ഭാസ്‌കരൻ, രാജശേഖരൻ, മരിച്ച സ്‌ത്രീയുടെ മകൻ എന്നിവരെ വിസ്‌തരിച്ചു.
ആറളം പന്നിമൂല സ്വദേശി പി .എം രാജീവൻ പീഡിപ്പിച്ചതിന്റെ മനോവിഷമത്തിൽ സ്‌ത്രീ ജീവനൊടുക്കിയെന്നാണ് കേസ്. 2017 മാർച്ച് 30നാണ് സംഭവം. പീഡനത്തിനിരയായ സ്‌ത്രീയുടെ മകൻ നിർമിക്കുന്ന വീടിന്റെ വയറിങ് – -പ്ലംബിങ് ജോലിക്കെത്തിയതായിരുന്നു പ്രതി.
വികാസ് നഗറിലെ രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് എഴുപതുകാരിയെ പീഡിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ ഹാജരായി. വിചാരണ ബുധനാഴ്‌ചയും തുടരും.