വായനശാലകള്‍ വസ്തുതാപരമായ വിമര്‍ശനത്തിന് സമൂഹത്തെ പ്രാപ്തമാക്കണം: മന്ത്രി എം. ബി രാജേഷ്

Share our post

മനുഷ്യനില്‍ വിമര്‍ശന ബുദ്ധിവളര്‍ത്തുകയാണ് വായനശാലകളുടെ ധര്‍മമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം .ബി രാജേഷ്. ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിമര്‍ശനം കുറ്റകൃത്യവും അനാദരവുമാവുന്ന കാലത്ത് കൂടുതല്‍ വസ്തുതാപരമായ വിമര്‍ശനത്തിന് സമൂഹത്തെ പ്രാപ്തമാക്കുകയാണ് വായനശാലകളുടെ ലക്ഷ്യം. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം നിര്‍ണായപങ്ക് വഹിച്ചു.

ഉന്നതവിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ പോലും ലോകത്തെയറിഞ്ഞത് പൊതുജനവായനശാലകളിലെ പുസ്തകങ്ങളിലൂടെയാണ്. മതനിരപേക്ഷമായ പൊതുമണ്ഡലത്തിന്റെ അടരായാണ് വായനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തുണ്ടാവുന്ന പ്രതിലോമകരമായ മാറ്റങ്ങളും ശിഥിലീകരണചിന്തകളും അതേ അളവില്‍ കേരളത്തില്‍ പ്രതിഫലിക്കാത്തതിന്റെ കാരണമതാണ്. രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന വിജ്ഞാനവിരോധത്തെ ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ട് ചെറുക്കണം.

ആധുനിക സാങ്കേതികവിദ്യയുടെ പുതുലോകം വിവരങ്ങളുടേത് മാത്രമല്ല. തെറ്റായ വിവരങ്ങളുടേതും കൂടിയാണ്. ശാസ്ത്രവിരുദ്ധതയും യുക്തിരാഹിത്യവും അന്ധവിശ്വാസങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്ന കാലത്ത് സത്യത്തെ തിരിച്ചറിയാന്‍ വായന ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്്. കാലാനുസൃതമായ വായനശാലകള്‍ നവീകരിക്കപ്പെടുകയും സാധ്യതകള്‍ വിപുലപ്പെടുത്തുകയും വേണം. ചരിത്രസത്യങ്ങളും സംസ്‌കാരിക പൈതൃകങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമ്പോള്‍ അറിവിന്റെ ആയുധപ്പുരകളായി വായനശാലകള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.

സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായി. കേരളസാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. വി .ശിവദാസന്‍ പ്രമേയം അവതരിപ്പിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, മുന്‍ എം.എല്‍.എ എം. വി ജയരാജന്‍, ഡോ. ജിജു പി അലക്സ്, പ്രൊഫ.ദേവിക മഡല്ലി, എന്നിവര്‍ സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ വിജയന്‍, എം .ആര്‍ മനു, കണ്ണൂര്‍ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, എം പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കലാപരിപാടികളും അരങ്ങേറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!