കണ്ണൂർ മെഡിക്കൽ കോളജ് കാമ്പസിൽ തീപിടിത്തം

പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ തീപിടിത്തം. കളിസ്ഥലത്തിന് സമീപത്തെ ജീവനക്കാരുടെ ക്വാട്ടേഴ്സിന് സമീപത്തെ പറമ്പിലാണ് ഉച്ചയോടെ തീപിടിത്തം. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് തീ ഉയരുന്നതുകണ്ട് ജീവനക്കാർ പയ്യന്നൂർ അഗ്നിരക്ഷസേനയെ വിവരമറിയിച്ചത്.
സ്റ്റേഷൻ ഓഫിസർ ടി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സേനയെത്തി തീയണച്ചു. ഒരേക്കറോളം സ്ഥലം അഗ്നിക്കിരയായി. ഉച്ചവെയിലിലെ കാറ്റിൽ തീ മെഡിക്കൽ കോളജ് ക്വാർട്ടേഴ്സ് ഭാഗത്തേക്ക് പടർന്നെങ്കിലും പെട്ടെന്ന് ഫയർ ഫോഴ്സെത്തി തീയണച്ചതിനാൽ ദുരന്തം വഴിമാറി.