കേളകത്തിനി ഫാം ടൂറിസത്തിന്റെ പച്ചപ്പ്

Share our post

കാർഷിക മേഖലയെയും കൃഷിക്കാരെയും ടൂറിസത്തിന്റെ ഭാഗമാക്കാൻ ഫാം ടൂറിസം പദ്ധതിയുമായി കേളകം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ പ്രകൃതിദത്ത സാധ്യതകളും കൃഷിയിടങ്ങളും കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കും.പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്.

തെരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങൾ, പശു ഫാം, പക്ഷി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയും പുഴകൾ, മലകൾ, വ്യൂ പോയിന്റ്, ആനമതിൽ, ആറളം ഫാമിലേക്കുള്ള ചിത്രശലഭങ്ങളുടെ ദേശാടനം തുടങ്ങിയ ഘടകങ്ങളും കോർത്തിണക്കി വിപുലമായ പദ്ധതിയാണ് ആലോചനയിലുള്ളത്.ട്രക്കിങ്, കർഷകരുടെ വീടുകളിൽ ഹോം സ്റ്റേ, കയാക്കിങ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സംവിധാനങ്ങളും ഒരുക്കും. വ്യത്യസ്തമായ മുള, പഴങ്ങൾ, ജാതി തുടങ്ങിയവ കൃഷി ചെയ്യുന്ന അഞ്ച് കർഷകരെയാണ് നിലവിൽ പഞ്ചായത്ത് തെരെഞ്ഞെടുത്തിട്ടുള്ളത്. ഭാവിയിൽ പദ്ധതി വികസിപ്പിക്കുമ്പോൾ കൂടുതൽ കർഷകരെ ഉൾക്കൊള്ളിക്കാൻ സാധിക്കും.

ഇതിന് മുന്നോടിയായി ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം സെമിനാറും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. ഫാം ടൂറിസം വിജയകരമായി നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഫാം ടൂറിസം ഉൾപ്പടെയുള്ള ഹരിത ടൂറിസമാണ് ലക്ഷ്യമെന്നും രണ്ട് വർഷം കൊണ്ട് പദ്ധതി പൂർണതയിൽ എത്തുമെന്നും പ്രസിഡണ്ട് സി .ടി. അനീഷ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!