കൈക്കൂലി നൽകാത്ത വൈരാഗ്യത്തിൽ ചെക്കിൽ പിഴവുവരുത്തി: പിഴവ് മാറ്റാൻ 5000 രൂപ ചോദിച്ചു; പഞ്ചായത്ത് സെക്രട്ടറി കയ്യോടെ പിടിയിൽ

പാറശാല : ചെക്കിലെ പിഴവ് മാറ്റി നൽകുന്നതിനു കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാറിനെ ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഒാഫിസിലെ സെക്രട്ടറിയുടെ മുറിയിൽ 5000 രൂപ കൈക്കൂലി വാങ്ങിയതിനു പിന്നാലെയാണ് വിജിലൻസ് എത്തി തെളിവ് സഹിതം കസ്റ്റഡിയിൽ എടുത്തത്. പഞ്ചായത്തിലെ 5 ജലനിധി പദ്ധതികളുടെ കരാറുകാരൻ ആയിരുന്ന കോട്ടയം സ്വദേശി പീറ്റർ സിറിയക്കിനോട് 75,000 രൂപ കരാർ തുകയുടെ ചെക്ക് നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കരാറുകാരൻ തുക നൽകാൻ തയാറായില്ല.
ഇതേത്തുടർന്ന് പഞ്ചായത്തിൽ നിന്ന് അവസാനം നൽകിയ 1,89,774 രൂപ, 39.961 രൂപയുടെ രണ്ട് ചെക്കുകളിൽ തിരുത്ത് വരുത്തി നൽകിയതിനാൽ ചെക്ക് മാറിയില്ല. മൂന്നാഴ്ച മുൻപ് ചെക്ക് മാറ്റി നൽകാൻ പഞ്ചായത്ത് ഒാഫിസിൽ അപേക്ഷ നൽകിയ കരാറുകാരനോട് 5000 രൂപ നൽകിയാൽ ശരിയാക്കി നൽകാം എന്ന് സെക്രട്ടറി അറിയിച്ചു. ഇതുപ്രകാരം ഇന്നലെ ഉച്ചയ്ക്ക് ഒാഫിസിൽ എത്തിയ കരാറുകാരനിൽ നിന്ന് തുക വാങ്ങി മേശയിൽ വച്ചതിനു പിന്നാലെ ആണ് വിജിലൻസ് സംഘം മുറിയിൽ കടന്ന് തുക പിടിച്ചെടുത്തത്. ജില്ലയിൽ പഞ്ചനക്ഷത്ര റിസോർട്ടുകൾ അടക്കം ഡസൻ കണക്കിനു ഹോട്ടലുകൾ പ്രവർത്തിക്കുന്ന കുളത്തൂർ പഞ്ചായത്തിൽ ചില ഉദ്യോഗസ്ഥ,രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ മൂലം സർക്കാറിനു കെട്ടിട നികുതി ഇനത്തിൽ വൻ തുകയുടെ നികുതി ചോർച്ച സംഭവിക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്.
നദീതീര സംരക്ഷണ നിയമം ലംഘിച്ചുള്ള നിർമാണം തുടങ്ങിയ വൻ ചട്ടലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ പതിനൊന്ന് പേർ 3 മാസം മുൻപ് പഞ്ചായത്ത് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് (1) എസ്പി ശ്യാംകുമാർ, ഇൻസ്പെക്ടർമാരായ അഭിലാഷ്, സന്തോഷ് കുമാർ, എസ്.അനിൽകുമാർ, സിയാ ഉൾ ഹക്ക്, എസ്ഐമാരായ ഗോപൻ, അനിൽകുമാർ സിപിഒ കിരൺ എന്നിവർ അടങ്ങുന്ന സംഘം ആണ് സെക്രട്ടറിയെ പിടികൂടിയത്. അഴിമതി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പർ 1064, 8592900900, വാട്സാപ്പ് നമ്പർ 9447789100 അറിയിക്കണം എന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.