ശുചീകരണ തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി നല്കി

കൂത്തുപറമ്പ്:ശുചീകരണ തൊഴിലാളിക്ക് കളഞ്ഞു കിട്ടിയ സ്വർണ പാദസരം ഉടമയെ കണ്ടെത്തി നല്കി.കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ കെ. പുഷ്പവല്ലിയാണ് 10 ഗ്രാമോളം വരുന്ന സ്വർണ്ണ പാദസരം തിരികെ നൽകിയത്.കണ്ണൂർ കൂത്തുപറമ്പ് റോഡ് ശുചീകരിക്കുമ്പോഴാണ് 10 ഗ്രാമോളം വരുന്ന സ്വർണ്ണ പാദസരം പുഷ്പവല്ലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നഗരസഭാ ഓഫീസിലെത്തി അധികൃതർക്ക് സ്വർണ്ണാഭരണം കൈമാറുകയായിരുന്നു.
ഇതിനിടയിൽ ഇന്നലെ രാവിലെ നീർവേലി പതിമൂന്നാം മൈലിലെ സഫ മഹലിൽ ഫസീല തന്റെ നഷ്ടപ്പെട്ടുപോയ പാദസരത്തിന് വേണ്ടി സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നതാണ് പുഷ്പവല്ലി കണ്ടത്. യുവതി തന്റെ പാദസരം നഷ്ടപ്പെട്ട വിവരം പുഷ്പവല്ലിയോട് പറഞ്ഞപ്പോഴാണ് ആളെ തിരിച്ചറിയാനായത്. പാദസരം ബന്ധപ്പെട്ട അധികാരികളെ ഏൽപ്പിച്ചിട്ടുണ്ടെന്നും ജോഡി കൊണ്ടുവന്നാൽ തിരികെ നൽകാമെന്നും പുഷ്പവല്ലി പറയുകയായിരുന്നു.പിന്നീട് ജോഡിയുമായി നഗരസഭാ ഓഫീസിലെത്തിയ യുവതിക്ക് ചെയർപേഴ്സൺ വി. സുജാത സ്വർണാഭരണം തിരിച്ചുനൽകി.
വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, എച്ച്.ഐ .വി.പി ബാബു, നഗരസഭ സെക്രട്ടറി കെ.കെ സജിത്ത് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാദസരം കൈമാറിയത്.