തലശേരി സ്‌റ്റേഡിയം ഇനി നാടിന് സ്വന്തം

തലശേരി: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശക്കൊടികളുയർത്തിയ സന്ധ്യയിൽ വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. തലശേരിയുടെ കായികകുതിപ്പിന് കരുത്താകുന്ന സ്‌റ്റേഡിയം ഉദ്‌ഘാടനച്ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.സ്‌റ്റേഡിയം നവീകരണത്തിന് തുടക്കംകുറിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണ തുടിച്ച അന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനം. കായിക വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ഹെറിട്ടേജ് റണ്ണിന്റെ ലോഗോ എഎസ്‌പി നിധിൻരാജ് പ്രകാശിപ്പിച്ചു.
നഗരസഭാ ചെയർമാൻ കെ .എം ജമുനറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. സബ് കലക്ടർ സന്ദീപ് കുമാർ, സ്പോർട്സ് കൗൺസിൽ വെെസ് പ്രസിഡന്റ് ഒ. കെ .വിനീഷ്, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി .ആർ .ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ. പ്രദീപ് കുമാർ, സി കെ രമേശൻ, എം പി അരവിന്ദാക്ഷൻ, അഡ്വ. കെ എ ലത്തീഫ്, കാരായി സുരേന്ദ്രൻ, എം പി സുമേഷ്, കെ സുരേശൻ, ഒതയോത്ത് രമേശൻ, വർക്കി വട്ടപ്പാറ, ബി പി മുസ്തഫ, കെ സന്തോഷ്, പന്ന്യന്നൂർ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്റ്റേഡിയം പവലിയൻ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ കലാകാരന്മാരെയും പാർലമെന്റിൽ പ്രസംഗിച്ച നന്ദിക എ കുമാറിനെയും ആദരിച്ചു.
മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ആസ്‌തി വികസനഫണ്ടിൽനിന്നുള്ള രണ്ടുകോടി രൂപ ചെലവിട്ടാണ് നവീകരണം തുടങ്ങിയത്. കായിക വകുപ്പും കിഫ്‌ബി ഫണ്ടും ഉപയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കി. ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ മത്സരം ഉദ്‌ഘാടനം ചെയ്‌തു. സ്‌പോർട്‌സ് ഡിവിഷൻ കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്‌റ്റും ലോകകപ്പിന്റെ വരവറിയിച്ചുള്ള ഡിസ്‌പ്ലേയുമുണ്ടായി.
പ്രൈമറി സ്‌കൂളിലും സ്‌പോർട്‌സ് പാഠ്യവിഷയമാക്കും–മന്ത്രി
തലശേരി
അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി സ്‌കൂളുകളിൽ സ്പോർട്സ് പാഠ്യവിഷയമാക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിച്ച് കായികരംഗം ജനകീയമാക്കും.
1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആറ് വർഷത്തിനകം കേരളത്തിലെ കായിക മേഖലയിൽ നടപ്പിലാക്കിയത്. 75 കോടി രൂപ ചെലവിൽ കണ്ണൂരിൽ നിർമിക്കുന്ന അന്താരാഷ്ട്ര യോഗാകേന്ദ്രം മൂന്ന് വർഷത്തിനകം പൂർത്തീകരിക്കും. കായിക സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ അഭ്യർഥന കണക്കിലെടുത്ത് തലശേരിയിൽ ജിംനേഷ്യം സെന്റർ ആരംഭിക്കും.
മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹ പ്രകാരമാണ് സ്‌റ്റേഡിയത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേര് നൽകിയതെന്ന് അധ്യക്ഷനായ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.