മാങ്ങാട്ടുപറമ്പ്: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ (13 സ്വർണം, 8 വീതം വെള്ളി, വെങ്കലം) മുന്നേറുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല 74 പോയിന്റോടെ (4 സ്വർണം, 13 വെള്ളി, 10 വെങ്കലം) രണ്ടാം സ്ഥാനത്തുണ്ട്. ഇരിട്ടി ഉപജില്ല 58 പോയിന്റോടെ (4 വീതം സ്വർണം, വെള്ളി, 9 വെങ്കലം) മൂന്നാം സ്ഥാനത്തും മട്ടന്നൂര് ഉപജില്ല 48 പോയിന്റോടെ (4 സ്വർണം, 8 വെള്ളി) നാലാം സ്ഥാനത്തും ഇരിക്കൂർ ഉപജില്ല 43 പോയിന്റോടെ (5 സ്വർണം, 4 വെള്ളി, 6 വെങ്കലം) അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.
സ്കൂളുകളിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ 28 പോയിന്റോടെ മുന്നിട്ടു നിൽക്കുന്നു. ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മട്ടന്നൂർ എച്ച്എസ്എസ്, റാണി ജെയ് എച്ച്എസ് നിർമലഗിരി എന്നിവർ 24 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനത്തു നിൽക്കുന്നു. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ എൻ.വി.ആജൻ (മാത്തിൽ ജിഎച്ച്എസ്എസ്, 11.25 സെക്കൻഡ്),
100 മീറ്റർ ജൂനിയർ പെൺകുട്ടികളിൽ ഇ.കെ.തേജലക്ഷ്മി ( സായ് തലശ്ശേരി, 12.66 സെക്കൻഡ്), ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ വി.എം.വിഷ്ണു (മട്ടന്നൂർ എച്ച്എസ്എസ്, 6.26 മീറ്റർ ) എന്നിവർ പുതിയ റെക്കോർഡിട്ടു. സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ ആദിത്ത് പാച്ചേനി (ടഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ്) എസ്.യദുകൃഷ്ണ (എകെജി എച്ച്എസ്എസ് പെരളശ്ശേരി) എന്നിവർ 1.80 മീറ്റർ ഉയരം ചാടി മുൻ റെക്കോർഡിനൊപ്പമെത്തി.
കായികമേളയ്ക്കിടെ ‘പൂർവവിദ്യാർഥി സംഗമം’
മാങ്ങാട്ടുപറമ്പ് ∙ കണ്ണൂർ സർവകലാശാലയുടെ ആദ്യത്തെ ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷന്റെ ബാച്ചിന്റെ ഒത്തുചേരലായി കായികമേള. 2004–2005 വർഷത്തിൽ പഠിച്ചിറങ്ങിയ 9 പേരാണ് അധ്യാപകരായി കായികമേളയിൽ അധ്യാപകരായുള്ളത്. ഒരു വർഷ കോഴ്സ് കഴിഞ്ഞിറങ്ങിയ ഇവർ ഇന്നു ജില്ലയിലെ വിവിധ സ്കൂളുകളിലെ കായികാധ്യാപകരാണ്.
പിണറായി എകെജി എംജിഎച്ച്എസ്എസിലെ എ.സുസ്മിത, കുറുമാത്തൂർ ജിവിഎച്ച്എസിലെ കെ.അനീസ്, പയ്യന്നൂർ കൊറോം ജിഎച്ച്എസ്എസിലെ പി.പി.സന്ദീപ്, ചെറുകുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടി.സവീൻ, കുന്നപ്പള്ളി എച്ച്എസ്എസിലെ ലിജോ വർഗീസ്, കടമ്പൂർ എച്ച്എസ്എസിലെ പി.എം.സജി, മൂത്തേടത്ത് എച്ച്എസ്എസിലെ കെ.ജഗദീഷ്, രാമന്തളി ഗവ.ഹൈസ്കൂളിലെ അജിത് വർഗീസ്, ചെറുകുന്ന് വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലെ ടി.വി.സിജിൻ എന്നിവരാണ് കായികമേളയ്ക്കായി ഒത്തുകൂടിയത്.
പഠനകാലത്തെ ഇല്ലായ്മകൾ ഓർക്കുമ്പോൾ സർവകലാശാലയിലെ ഇപ്പോഴത്തെ സൗകര്യങ്ങൾ മികച്ചതാണെന്നു ഇവർ പറയുന്നു. ഇവർ പഠിച്ച ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബിപിഎഡ്) കോഴ്സും മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എംപിഎഡ്) കോഴ്സും പൂർണമായി നിർത്തലാക്കി പുതിയ കോഴ്സ് സർവകലാശാല ആരംഭിച്ചിരുന്നു.
നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) അംഗീകാരമില്ലെന്ന കാരണം പറഞ്ഞാണ് കോഴ്സ് നിർത്തിയത്. മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് കോഴ്സാണ് പുതുതായി ആരംഭിച്ചത്. കോളജ് അധ്യാപനത്തിനു മാത്രം സാധ്യതയുള്ളതാണ് ഈ കോഴ്സ്. നിലവിലെ സൗകര്യങ്ങൾ കണക്കിലെടുത്തു കായികാധ്യാപകരാകാൻ സഹായിക്കുന്ന ബിപിഎഡ് കോഴ്സ് തിരിച്ചു കൊണ്ടുവരണമെന്നു പൂർവവിദ്യാർഥികളായ ഇവർ അഭിപ്രായപ്പെട്ടു.ഡിസ്കസ് ത്രോയിലും കൈവച്ചു; ദേശീയ ആം റെസ്‌ലിങ് താരത്തിന് സ്വർണം
മാങ്ങാട്ടുപറമ്പ് ∙ ഒരാഴ്ച മുൻപ് പരിശീലനം തുടങ്ങി ക്രിസ്റ്റ മരിയ റിജോഷ് നേടിയത് പെൺകുട്ടികളുടെ ജൂനിയർ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം. വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് എച്ച്എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥിയായ ക്രിസ്റ്റ ആം റെസ്‌ലിങ് താരമാണ്. കഴിഞ്ഞ മേയിൽ ഹൈദരാബാദിൽ നടന്ന ആം റെസ്‌ലിങ് ചാംപ്യൻഷിപ് ജൂനിയർ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.
2019ൽ ആം റെസ്‌ലിങ്ങിൽ സ്വർണം നേടി ഇന്ത്യയെ പ്രതിനിധീകരിച്ചു റുമാനിയയിലെ രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു. ആദ്യത്തെ 10 സ്ഥാനത്തിൽ ഇടവും നേടി. ജൂഡോ, ഗുസ്തി എന്നിവയിൽ പരിശീലനം നേടുന്ന ക്രിസ്റ്റ കായികാധ്യാപകന്റെ പ്രേരണയിലാണ് ഡിസ്കസ് ത്രോ എത്തിയത്. നിലവിൽ ജൂനിയർ വിഭാഗത്തിലെ ജില്ലാ ജൂഡോ ചാംപ്യനാണ്.
കൈക്കരുത്തും മേയ്‌വഴക്കവും ചേർത്താണ് ഡിസ്കസ് ത്രോയിൽ ജില്ലാതലത്തിൽ നിന്നു സംസ്ഥാനതലത്തിലേക്കു ക്രിസ്റ്റ യോഗ്യത നേടിയിരിക്കുന്നത്. അമ്മ അനിത റിജോഷാണ് ക്രിസ്റ്റയെ പ്രോത്സാഹിപ്പിക്കുന്നത്. അമ്മ തന്നെയായിരുന്നു ടീം മാനേജരായി റുമാനിയയിലേക്കു ക്രിസ്റ്റയ്ക്കൊപ്പം പോയതും. പിതാവ് റിജോഷ് ജയിംസ് ആലക്കോട് പലചരക്ക് കട നടത്തുന്നു.’