നരിക്കോട്ടുമലയിലെ കരിങ്കൽ ക്വാറി, സബ് കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

പാനൂർ :തൃപ്രങ്ങോട്ടൂർ നരിക്കോട്ടുമലയിൽ കരിങ്കൽ ഖനനം കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിട്ടറിയാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മലമുകളിലെത്തി പരിശോധിച്ചു. ദേശീയ പട്ടിക വർഗ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് ഇന്നലെ തലശ്ശേരി സബ് കലക്ടർ സന്ദിപ് കുമാർ, ജില്ലാ ജിയോളജിസ്റ്റ് അജീബ്, തലശ്ശേരി തഹസിൽദാർ കെ.ഷീബ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് അസി.സെക്രട്ടറി പി.വി.പ്രദീഷ്, തൃപ്രങ്ങോട്ടൂർ വില്ലേജ് ഓഫിസർ ഇ.രജീഷ്, കൊളവല്ലൂർ വില്ലേജ് ഓഫിസർ സി.സുനിൽകുമാർ,
കൊളവല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.വി. പ്രദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നരിക്കോട്ടുമല മുകളിലെത്തി പരിശോധിച്ചത്. പി.കുഞ്ഞാൻ ദേശീയ പട്ടികവർഗ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലമുകളിൽ ഭീഷണിയായി നിൽക്കുന്ന പാറ മടകൾ സംഘം സന്ദർശിച്ചത്. റിപ്പോർട്ട് കമ്മീഷന് കൈമാറും. മഴക്കാലത്ത് ഉരുൾ പൊട്ടലും മലയിടിച്ചിലും കാരണം മലമുകളിലെയും താഴ്‍വാരത്തെയും ജനങ്ങളും കർഷകരും ഭീഷണിയിലാണ്.