‘ജനങ്ങളുടെ പ്രതികരണം നാം കാണണം’,ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സി.പി.എം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലേക്ക് യാത്ര കടക്കുമ്പോള്‍ ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പാര്‍ട്ടി വീക്ഷിക്കേണ്ടതാണെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ സിപിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കെയാണ് യാത്രക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണം ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയരേഖയില്‍ ‘മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍: സമീപകാല സംഭവവികാസങ്ങള്‍’ എന്ന തലക്കെട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കത്തിലാണ് ഭാരത് ജോഡോ യാത്രയ്ക്കുള്ള പ്രശംസ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിമുതല്‍ ശ്രീനഗര്‍വരെ 150-ത്തിലേറെ ദിവസങ്ങള്‍നീണ്ട യാത്രയ്ക്കു തുടക്കമിട്ടു. ഇതു വലിയതോതില്‍ -ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്- പ്രതികരണമുണ്ടാക്കുന്നു. ബി.ജെ.പി. ശക്തികേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ എങ്ങനെയാണ് ജനങ്ങളുടെ പ്രതികരണമെന്നു നാം കാണണം.
കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പങ്ങളും ഒട്ടേറെ നേതാക്കള്‍ ബി.ജെ.പി.യിലേക്കു പോവുകയുംചെയ്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുമുള്ള ശ്രമമായി യാത്ര കാണപ്പെടുന്നു -ഇതാണ് സി.സി. രേഖയിലെ പരാമര്‍ശം.പ്രതിപക്ഷ ഐക്യം വാര്‍ത്തെടുക്കാന്‍ സമീപകാലത്തുനടന്ന ശ്രമങ്ങളെ അക്കമിട്ടു പറയുന്ന രാഷ്ട്രീയരേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള വിലയിരുത്തലെന്നതും ശ്രദ്ധേയമായി.
കന്യാകുമാരിയില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതല്‍ പരിഹാസത്തോടെയായിരുന്നു കേരളത്തിലെ സി.പി.എം. നേതാക്കളുടെ പ്രതികരണം. സെക്രട്ടേറിയറ്റംഗം എം. സ്വരാജിന്റെ ‘കണ്ടെയ്നര്‍ യാത്ര’യെന്ന പരിഹാസം സി.പി.എം. സൈബര്‍ സംഘങ്ങളും ഏറ്റെടുത്തു. ‘കേരളത്തില്‍ 18 ദിവസം, യു.പി.യില്‍ രണ്ടുദിവസം’ എന്ന ആക്ഷേപം ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടു. ‘ഭാരതത്തിന്റെ ഐക്യത്തിനു വേണ്ടിയോ അതോ സീറ്റിനു വേണ്ടിയോ’ എന്ന ചോദ്യത്തോടെ രാഹുലിന്റെ കാരിക്കേച്ചറുമായി ട്വീറ്റും ചെയ്തു. യാത്ര ആസൂത്രണം ചെയ്തതെങ്ങനെയെന്നു സി.പി.എം. പഠിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഇതിനു മറുപടിയും നല്‍കി.
കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ ഭിന്നതയും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
കേരള ഗവര്‍ണറുടെ നിലപാടുകളെ മുസ്ലിംലീഗും ആര്‍എസ്പിയും തള്ളിപ്പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ല. ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും അണിനിരക്കേണ്ടതുണ്ടെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫിലെ പ്രതിസന്ധി മൂര്‍ഛിച്ചാല്‍ ചില ഘടകകഷികളെ അടര്‍ത്തി എല്‍ഡിഎഫില്‍ എത്തിക്കാമെന്നും സിപിഎം കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നു.