വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് വിവിധ ജില്ലകളില്‍ പീഡനം:രാസലഹരി നല്‍കി,പെണ്‍വാണിഭ സംഘത്തിനും കൈമാറി

Share our post

കൊച്ചി: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ 21 പ്രതികളാണുള്ളത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നാല് പേരെയും പാലാരിവട്ടം സ്റ്റേഷനിൽ അഞ്ച് പേരെയുമാണ്‌ അറസ്റ്റ്‌ ചെയ്തത്‌.

സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തവർ: മട്ടാഞ്ചേരി ചക്കാമ്പാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കര കരിപ്പറമ്പിൽ വീട്ടിൽ കെ.ബി. സലാം (49), തൃശ്ശൂർ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടിൽ അജിത്‌ കുമാർ (24), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34).

പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായവർ: ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു (22) എന്നിവർ.

14 പേരുടെ മേൽ പീഡനക്കുറ്റവും മറ്റുള്ളവരിൽ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാൾഡ് എന്നയാൾ സമാനമായ കേസിൽ നിലവിൽ റിമാൻഡിലാണ്.

കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ്‌ പീഡന വിവരം കണ്ടെത്തിയത്. തുടർന്ന് 14 പ്രഥമവിവര റിപ്പോർട്ടുകൾ തയ്യാറാക്കിയ ശേഷം പീഡനം നടന്ന ജില്ലകളിലെ ബന്ധപ്പെട്ട സ്റ്റേഷനുകൾക്ക് കേസ് കൈമാറുകയായിരുന്നു.

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാൾഡ് വിവേകാനന്ദ റോഡിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന്‌ ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരും പീഡനത്തിനിരയാക്കി. ഇതിനുശേഷം വീണ്ടും കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത്‌ ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ കെ.ബി. സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീട്‌ പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറി. മറ്റുള്ള പ്രതികൾക്കു പെൺകുട്ടിയെ കാഴ്ചവെച്ചത്‌ ഗിരിജയാണെന്നു പോലീസ് പറയുന്നു.

ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലത്താണ് പീഡന പരമ്പര അരങ്ങേറിയത്. പെൺകുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലുമെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു. രാസലഹരിയുൾപ്പെടെ നൽകിയാണ്‌ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഒടുവിൽ തിരുവനന്തപുരത്ത് ഒരു മാളിനു സമീപത്തു നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. ചൈൽഡ് വെൽെഫയർ കമ്മിറ്റി നിർഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണ്‌ പീഡന വിവരം പറഞ്ഞത്. ഇതേത്തുടർന്നാണ്‌ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ മറ്റു ജില്ലകളിൽ കൂടുതൽ അറസ്റ്റുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!