കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വെടിയുണ്ടകൾ പിടികൂടിയ സംഭവം: ഇരിട്ടി പൊലീസ് കർണാടകയിലേക്ക്

Share our post

ഇരിട്ടി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന 100 വെടിയുണ്ടകൾ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയ സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെടിയുണ്ട വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ അന്വേഷണം നടത്തുന്നതിനായി പൊലീസ് സംഘം കർണാടകയിലേക്കു പോകും.ചൊവ്വാഴ്ചയാണ് പതിവ് വാഹന പരിശോധനയ്ക്കിടെ കിളിയന്തറയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ ബസിൽ ഉടമസ്ഥനില്ലാത്ത നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്.

തുടരന്വേഷണം നടത്തേണ്ടതിനാൽ എക്സൈസ് വിഭാഗം വെടിയുണ്ടകൾ ഇരിട്ടി സ്റ്റേഷനു കൈമാറിയിരുന്നു. ഇരിട്ടി എസ്എച്ച്ഒ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മൈസൂരു – തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർടിസി ബസിൽ നിന്നാണു വെടിയുണ്ടകൾ പിടികൂടിയത്.

ഈ ബസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഓർഡിനറി സർവീസ് ബസ് ആയതിനാൽ യാത്രക്കാരുടെ വിവരങ്ങൾ ലഭിച്ചില്ല.മൈസൂരു, വിരാജ്പേട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പൊലീസ് കർണാടകയിലേക്കു പോകുന്നത്. റൈഫിളുകളിൽ (കുഴൽ തോക്ക്) ഉപയോഗിക്കുന്നവയാണു പിടിയിലായ വെടിയുണ്ടകളെന്ന് സിഐ കെ.ജെ.വിനോയി പറഞ്ഞു.

വിരാജ്പേട്ടയിൽ വെടിയുണ്ട വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ആവശ്യക്കാരുടെ ലൈസൻസ് ഉൾപ്പെടെ ഹാജരാക്കിയാൽ മാത്രമേ നിശ്ചിത എണ്ണം കിട്ടുകയുള്ളൂ. അതിനാൽ അനധികൃത വിൽപനക്കാരെ കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ്, കർണാടക പൊലീസിന്റെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. ഇരിട്ടി മേഖലയിലെ ഉൾപ്പെടെ മൃഗവേട്ടക്കാരുടെ വിവരങ്ങളും പൊലീസ് രഹസ്യമായി അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!