ശരണവഴിയേ…. ചെറുവാഹനം പമ്പവരെ; നിലയ്ക്കലിൽ പാർക്കിങ്

ഭക്തരുടെ 15 സീറ്റുവരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വാഹനം നിലയ്ക്കലിൽ തിരിച്ചെത്തി പാർക്കുചെയ്യണം. പമ്പയിൽ പാർക്കിങ്ങില്ല. സ്വയം വാഹനമോടിച്ച് ദർശനത്തിനെത്തുന്നവരും കൂടെയുള്ളവരെ പമ്പയിൽ ഇറക്കിയശേഷം വാഹനവുമായി തിരികെ നിലയ്ക്കലിലെത്തണം. പിന്നീട് ബസിൽവേണം പമ്പയിലേക്കുപോകാൻ.
15-ൽ കൂടുതൽ ആൾ കയറുന്ന വാഹനങ്ങളിലെത്തുന്നവർ നിലയ്ക്കലിൽ വണ്ടി പാർക്കുചെയ്ത് കെ.എസ്.ആർ.ടി.സി. ബസിൽ വേണം പമ്പയിലേക്ക് പോകാൻ.
കെ.എസ്.ആർ.ടി.സി.
നിലയ്ക്കലിൽനിന്ന് ഇത്തവണ 200 ബസുകളാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. എ.സി.ബസിന് 80-ഉം നോൺ-എ.സി.ക്ക് 50-ഉം രൂപയാണ് നിരക്ക്.
മിനിറ്റിൽ ഒരു ബസുവീതം സർവീസ് നടത്തും. 300 ബസുകൾ പമ്പയിൽനിന്ന് ദീർഘദൂര സർവീസ് നടത്തും. പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂർ, കോട്ടയം, കൊട്ടാരക്കര, കുമളി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തുടർച്ചയായി പ്രത്യേക ബസ് സർവീസ് ഉണ്ടാകും.
ടെമ്പോ പറ്റില്ല
ശബരിമല യാത്രയ്ക്ക് ഓട്ടോയും ചരക്കുവണ്ടിയും അനുവദിക്കില്ല.
ഹെൽമെറ്റില്ലാത്ത യാത്രയും പാടില്ല. ടെമ്പോയിലും ലോറികളിലും തീർഥാടകർ വന്നാൽ മോട്ടോർ വാഹനവകുപ്പ് തടയും.
പരമ്പരാഗത കാനനപാത
എരുമേലി കരിമല വഴി: എരുമേലിയിൽ നിന്നും പേരൂർതോട്- ഇരുമ്പൂന്നിക്കര-കോയിക്കക്കാവ് വഴിയാണ് ശബരിമല ദർശനത്തിനായി നടന്ന് പോകുന്നത്. കോയിക്കക്കാവ് വരെ ജനവാസ മേഖല. റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവിൽ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്. കോയിക്കക്കാവ്-അരശുമുടിക്കോട്ട-കാളകെട്ടി-അഴുതക്കടവ് വരെ ഏഴ് കിലോമീറ്റർ ദൂരം. അഴുതക്കടവിൽ നിന്നും-കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട- മുക്കുഴി- വള്ളിത്തോട്-വെള്ളാരംചെറ്റ- പുതുശ്ശേരി- കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാൽ പമ്പയായി. 18.25 കിലോമീറ്റർ ദൂരമുണ്ട് അഴുതക്കടവ് മുതൽ പമ്പ വരെ.
സത്രം പുല്ലുമേട് വഴി: സത്രത്തിൽനിന്ന് സന്നിധാനത്തേക്ക് 12 കി.മി. രാവിലെ ഏഴുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് തീർഥാടകരെ കടത്തിവിടുക. ശബരിമലയിൽനിന്നും സത്രത്തിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ. സത്രം,സീതക്കുളം,സീറോ പോയിന്റ്,പുല്ലുമേട്, കഴുതക്കുഴി. എന്നിവിടങ്ങളിൽ കുടിവെള്ള സൗകര്യമുണ്ടാകും. പുല്ലുമേടിൽ ഭക്ഷണ സൗകര്യമുണ്ട്. പുല്ലുമേടിൽ ആരോഗ്യവകുപ്പിന്റെ ക്യാമ്പ് ഉണ്ടാകും.