പരേഡ് നയിച്ച് ‘പ്രധാനമന്ത്രി’യും ‘രാഷ്ട്രപതി’യും

കണ്ണൂർ: ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ശിശുദിനറാലി സംഘടിപ്പിച്ചത്.
കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് റാലി തുടങ്ങി. ശിശുക്ഷേമ സമിതിയുടെ സാഹിത്യ രചന-പ്രസംഗ മത്സരവിജയികൾ റാലി നയിച്ചു. അഴീക്കോട് എച്ച്എസ്, രാജാസ് എച്ച്എസ്, ചൊവ്വ എച്ച്എസ്, തോട്ടട ജിഎച്ച്എസ്, കൂടാളി എച്ച്എസ്, ടൗൺ എച്ച്എസ്, സെന്റ് തെരേസാസ് എച്ച്എസ്, സിറ്റി എച്ച്എസ്, പുഴാതി എച്ച്എസ്, സെന്റ് മൈക്കിൾസ് എച്ച്എസ്, ചേലോറ ജിഎച്ച്എസ്, പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി എന്നീ സ്കൂളുകളിലെ എൻസിസി, എസ് പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി കേഡറ്റുകൾ അണിനിരന്നു. എഡിഎം കെ കെ ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു.
കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി ഇരിണാവ് യു.പി സ്കൂളിലെ നാലാം ക്ലാസുകാരി റിസ ഫൈസൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ഇരിണാവ് യു.പി സ്കൂളിലെ ആറാം ക്ലാസുകാരി വൈഗ ലഗേഷ് അധ്യക്ഷയായി.
തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ് ശിശുദിന സ്റ്റാമ്പ് പ്രകാശിപ്പിച്ചു. മേയർ ടി. ഒ മോഹനൻ, കെ. വി .സുമേഷ് എം.എൽ.എ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് മുടപ്പത്തി നാരായണൻ, സെക്രട്ടറി പി സുമേശൻ എന്നിവർ പങ്കെടുത്തു. വിവിധ മത്സര വിജയികൾക്ക് സമ്മാനവും വിതരണംചെയ്തു.