സൗത്ത് ഇന്ത്യൻ ബാങ്കിൽ വ്യാജ സ്വർണം പണയം വച്ച് 72 ലക്ഷം രൂപ തട്ടി
തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2 കിലോഗ്രാമിലധികം വ്യാജ സ്വർണം പണയം വച്ച് 72 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചിറവക്കിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടന്നതായി പരാതി ഉയർന്നത്. 2.73 കിലോഗ്രാം വ്യാജ സ്വർണം പണയം വച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ബാങ്കിന്റെ കണ്ണൂർ റീജനൽ ഓഫിസ് ചീഫ് മാനേജരുടെ പരാതി പ്രകാരം കാസർകോട് തൃക്കരിപ്പൂർ തങ്കയം തളയില്ലത്ത് വീട്ടിൽ ജാഫർ, ബന്ധുക്കളും സുഹൃത്തുക്കളുമായ ഏഴിലോട് ടി.റസിയ, പാറമ്മൽ സി.പി.ഫൗസിയ, എസ്.എ.പി. മുബീന അസീസ്, ടി.ഹവാസ് ഹമീദ്, തൃക്കരിപ്പൂർ തങ്കയം നോർത്ത് എ.സമീറ, ബെംഗളൂരു സരാജ്പൂർ റോഡ് തളയില്ലത്ത് അഹമ്മദ്, പി.കുഞ്ഞാമി, ചെറുകുന്ന് താവം മുട്ടിൽ നസിയ മൻസിൽ പി.നസീർ, താഹിറ മുഹമ്മദ് അഷ്റഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇതിൽ മുബീന, ഹവാസ്, കുഞ്ഞാമി, താഹിറ എന്നിവരുടെ വിലാസം അറിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇവരുടെ നേതൃത്വത്തിൽ 2020 നവംബർ 25 മുതൽ പല തവണകളിലായി 2073.9 ഗ്രാം ഈയ്യം കൊണ്ട് നിർമിച്ച വ്യാജ സ്വർണത്തിന്റെ ലോക്കറ്റുകൾ ബാങ്കിൽ പണയം വയ്ക്കുകയായിരുന്നുവത്രെ. പണയം വയ്ക്കുന്ന സമയത്ത് അപ്രൈസർ പരിശോധന നടത്തിയപ്പോൾ ഓരോ ലോക്കറ്റിന്റെയും പുറത്ത് 4 ഗ്രാം സ്വർണം പൂശിയതിനാൽ വ്യാജമാണോ എന്ന് കണ്ടെത്താനായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പണയം വച്ച സ്വർണം തിരിച്ചെടുക്കാതെ വന്നപ്പോൾ ലേലം ചെയ്യാനായി മുറിച്ച് പരിശോധിക്കുമ്പോഴാണ് ഇവയുടെ ഉള്ളിൽ ഈയമാണെന്നു കണ്ടെത്തിയത്. തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
