നാരായണൻ നായർ വധക്കേസ്‌; 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം

Share our post

നെയ്യാറ്റിൻകര (തിരുവനന്തപുരം): തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ 11 ആർഎസ്‌എസുകാർക്കും ജീവപര്യന്തം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ കോടതിയുടേതാണ്‌ വിധി. ജഡ്‌ജി കവിത ഗംഗാധരനാണ്‌ ശിക്ഷ വിധിച്ചത്‌. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്‌ അത്യപൂർവമാണ്‌.

കീഴാറൂർ സ്വദേശികളായ ബിഎംഎസ്‌ ട്രാൻസ്‌പോർട്ട്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ്‌ (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്‌കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്‌ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്‌താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത്‌ വീട്ടിൽ ഗിരീഷ്‌ എന്ന അനിക്കുട്ടൻ (48) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌.

2013 നവംബർ അഞ്ചിന്‌ രാത്രി പത്തോടെയാണ്‌ മാരകായുധങ്ങളുമായെത്തിയ ആർഎസ്‌എസുകാർ അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന നാരായണൻ നായരുടെ ജീവനെടുത്തത്‌. കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു ഇദ്ദേഹം. മകനും എസ്‌എഫ്‌ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ കൊല്ലാൻ വന്നവർ തടസ്സംനിന്ന നാരായണൻനായരെ വെട്ടിക്കൊല്ലുകയായിരുന്നു. ശിവപ്രസാദിന്റെ സഹോദരൻ ഗോപകുമാറിനെയും വെട്ടി.

ഒമ്പതു വർഷം നീണ്ട കേസിൽ 45 സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. വാഹനങ്ങളടക്കം 23 തൊണ്ടിമുതൽ ഹാജരാക്കി. നിലവിൽ വിവിധ ഇടങ്ങളിൽ ഡിവൈഎസ്‌പിമാരായ എസ്‌ അനിൽകുമാർ, ജെ ജോൺസൺ, വി ടി രാസിത്ത്‌, സിഐമാരായ ജെ മോഹൻദാസ്‌, അജിത് കുമാർ, എസ്‌ഐ ബാലചന്ദ്രൻ, എഎസ്‌ഐ കൃഷ്‌ണൻകുട്ടി എന്നിവരാണ്‌ കേസ്‌ അന്വേഷിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!