കാറില്‍ കൈ കൊണ്ട് തട്ടും; ഭീഷണിപ്പെടുത്തി പണം തട്ടും; ബെംഗളൂരു തട്ടിപ്പ്

Share our post

ബെംഗളൂരു :  വ്യാജ അപകടമുണ്ടാക്കി കാറുടമയിൽനിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പിടികൂടിയത്. അപകടമുണ്ടായെന്ന പേരിൽ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേർ സമീപത്തുകൂടി പോകുകയായിരുന്ന കാറിൽ കൈകൊണ്ട് മനപ്പൂർവം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനുശേഷം ബൈക്കിൽ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കാറുടമ ഇവർക്ക് 15,000 രൂപ നൽകി. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഇത്തരം തട്ടിപ്പുസംഘങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ പൊലീസിൽ വിവരം അറിയിക്കണമെന്നും സൗത്ത് ബെംഗളൂരു ഡപ്യൂട്ടി കമ്മിഷണർ പി.കൃഷ്ണകാന്ത് പറഞ്ഞു. ഓഗസ്റ്റിൽ സമാനമായ സംഭവത്തിൽ, അപകടത്തിൽപ്പെട്ടവരെന്ന വ്യാജേന പണം തട്ടിയതിന് രണ്ട് പേരെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു 4 ഇരുചക്ര വാഹനങ്ങളും 40,000 രൂപയും പിടിച്ചെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!