കെഎസ്ആർടിസിയുടെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നില്ല; ദുരിതം

തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്ആർടിസിയുടെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് അടച്ചതിനു ശേഷം ഇവിടെയുള്ള റിസർവേഷൻ കൗണ്ടർ തുറന്നിട്ടില്ല. ഇപ്പോൾ ഓൺലൈൻ ആയോ അല്ലാത്തവർ ഡിപ്പോയിൽ നേരിട്ട് എത്തിയോ റിസർവേഷൻ നടത്തണം.
തലശ്ശേരി ഡിപ്പോ ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ അകലെ കോണോർവയലിലാണ്.ഇവിടെ ബസിൽ കയറാൻ യാത്രക്കാർ എത്തുന്നതു വളരെ പരിമിതമായി മാത്രമാണ്. ഓൺലൈൻ ആയി റിസർവേഷൻ ചെയ്യാൻ സാധിക്കാത്തവർ ഓട്ടോറിക്ഷ പിടിച്ച് കോണോർവയലിലെ ഡിപ്പോയിൽ ചെന്നു വേണം റിസർവേഷൻ നടത്താൻ.
ഇതു കെഎസ്ആർടിസിയുടെ വരുമാനത്തെയാണു ബാധിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. കെഎസ്ആർടിസി മാനുവൽ റിസർവേഷൻ നിർത്തി പൂർണമായും ഓൺലൈൻ ബുക്കിങ് ആക്കിയതിനാലാണ് പുതിയ ബസ് സ്റ്റാൻഡിലെ കൗണ്ടർ തുറക്കാത്തതെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.
ഇവിടെ ഓൺലൈൻ ബുക്കിങ് ആരംഭിക്കണമെങ്കിൽ നിലവിലുള്ള താൽക്കാലിക കൗണ്ടർ മതിയാകില്ല. സുരക്ഷിതമായ മുറിവേണം. നിലവിലുള്ള കൗണ്ടർ നേരത്തെ 2 ഷിഫ്റ്റുകളിലായി രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിച്ചിരുന്നു. ഇതു ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ബസുകളുടെ വരവും പോക്കും അറിയാനും ഏറെ ഉപകരിക്കപ്പെട്ടിരുന്നു.