ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് 3 മണിക്കൂര്‍, കറങ്ങുന്ന സീറ്റുകൾ; വന്ദേഭാരത് ദക്ഷിണേന്ത്യയിലും

Share our post

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്ക് നാലര മണിക്കര്‍ കൊണ്ടും ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടും എത്താനാകും. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തിലാണ് ഗണ്യമായ കുറവുണ്ടാകുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള യാത്രാസമയം കുറയുന്നതോടെ മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ബെംഗളൂരു കെ.എസ്.ആര്‍. റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ക്ക് കാണുന്നതിനായി ബെംഗളൂരു കന്റോണ്‍മെന്റ്, ബൈയപ്പനഹള്ളി, കെ.ആര്‍. പുരം, വൈറ്റ്ഫീല്‍ഡ്, ദേവന്‍ഗൊന്ദി, മാലൂര്‍, ടൈകല്‍, ബംഗാരപേട്ട്, വരദാപുര്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ത്തി െവെകീട്ട് ആറുമണിയോടെയാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി സുരേന്ദ്രനായിരുന്നു ലോക്കോ പൈലറ്റ്.

ആറു ദിവസം സര്‍വീസ്

ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാദിവസവും മൈസൂരു – ചെന്നൈ പാതയില്‍ സര്‍വീസുണ്ടാകും. ശനിയാഴ്ച രാവിലെ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങും. ചെന്നൈയില്‍നിന്ന് പുറപ്പെട്ടാല്‍ കാട്പാഡിയിലും ബെംഗളൂരുവിലും സ്റ്റോപ്പുണ്ടാകും. പുലര്‍ച്ചെ 5.50-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വന്ദേഭാരത് തീവണ്ടി (20607) രാവിലെ 10.20-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. ചെന്നൈയില്‍നിന്ന് മൈസൂരുവിലേക്ക് 6.30 മണിക്കൂറാണ് യാത്രാസമയം. തിരിച്ച് 20608-ാം നമ്പര്‍ തീവണ്ടി മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.55-ന് ബെംഗളൂരുവിലും രാത്രി 7.30-ന് ചെന്നൈയിലുമെത്തും. 6.35 മണിക്കൂറാകും യാത്രാസമയം.

മികച്ച സൗകര്യങ്ങള്‍

രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണ് ചെന്നൈ- മൈസൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചത്. ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിര്‍മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകള്‍, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും.

എക്‌സിക്യൂട്ടീവ് ക്ലാസില്‍ കറങ്ങുന്ന കസേരയാണുള്ളത്. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കിലും തുടര്‍ച്ചയായി ഈ വേഗം കൈവരിക്കാന്‍ സാധിക്കില്ല. ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് വെറും മൂന്നു മണിക്കൂര്‍കൊണ്ട് എത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടിക്കറ്റ് നിരക്ക്

• ചെന്നൈ – മൈസൂരു: ചെയര്‍ കാര്‍ (1200 രൂപ), എക്‌സിക്യൂട്ടീവ് (2295 രൂപ)

• ചെന്നൈ – ബെംഗളൂരു: ചെയര്‍ കാര്‍ (995 രൂപ), എക്‌സിക്യൂട്ടീവ് (1885 രൂപ)

• ബെംഗളൂരു – മൈസൂരു: ചെയര്‍ കാര്‍ (515 രൂപ), എക്‌സിക്യൂട്ടീവ് (985 രൂപ)

• മൈസൂരു – ചെന്നൈ: ചെയര്‍ കാര്‍ (1365 രൂപ), എക്‌സിക്യൂട്ടീവ് (2485 രൂപ)

• മൈസൂരു – ബെംഗളൂരു: ചെയര്‍ കാര്‍ (720 രൂപ), എക്‌സിക്യൂട്ടീവ് (1215 രൂപ)

• ബെംഗളൂരു – ചെന്നൈ: ചെയര്‍ കാര്‍ (940 രൂപ), എക്‌സിക്യൂട്ടീവ് (1835 രൂപ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!