വന്യമൃഗ ശല്യം നേരിടാൻ കൃഷി വകുപ്പ് തുക വിനിയോഗിക്കും: മന്ത്രി പി.പ്രസാദ്

തളിപ്പറമ്പ്: കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം നേരിടാൻ കൃഷി വകുപ്പിന്റെ തുക വിനിയോഗിച്ചു പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. ഇപ്പോൾ വനംവകുപ്പ് അനുവദിക്കുന്ന തുക മാത്രമാണു കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാൻ ഉപയോഗിക്കുന്നതെന്നതിനാലാണു കൃഷി വകുപ്പിന്റെ തുക കൂടി വിനിയോഗിക്കാൻ ആലോചിക്കുന്നത്. പറശ്ശിനിക്കടവിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന പ്രവർത്തക ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണത്തിന് കേരഫെഡിന്റെ നേതൃത്വത്തിൽ 67 കേന്ദ്രങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.
10 ദിവസത്തിനുള്ളിൽ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 100 ആക്കും. നാളികേരവുമായി ദൂരെയുള്ള സംഭരണ കേന്ദ്രത്തിൽ എത്താനുള്ള വിഷമതകൾ ഒഴിവാക്കാൻ ജില്ലകളിൽ 2 വീതം വാഹനങ്ങൾ ഏർപ്പാടാക്കി കർഷകരിൽ നിന്നു നാളികേരം സംഭരിച്ച് സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. കർഷകർ നൽകുന്ന പച്ചക്കറികൾക്ക് അപ്പോൾ തന്നെ വില നൽകാനുള്ള പദ്ധതിയും നടപ്പിലാക്കും. കർഷകരുടെ ഉൽപന്നങ്ങൾ ജനുവരിയോടെ പ്രമുഖ ഓൺലൈനുകളിലൂടെ ലഭ്യമാകുന്ന പദ്ധതിയും നടപ്പാക്കും. വിഷ പദാർഥങ്ങൾ കലർന്ന ഭക്ഷണമാണ് കേരളീയരുടെ അസുഖങ്ങൾക്കു കാരണം.
സ്വന്തം കാറിന് അഴുക്കാകുമെന്നു കരുതി പിഞ്ചുകുഞ്ഞിനെ ചവിട്ടാൻ കാലുയർത്തുന്ന മലയാളി താൻ കഴിക്കുന്ന ഭക്ഷണത്തിൽ വിഷം കലർന്നിട്ടുണ്ടെങ്കിൽ അതിനെതിരെ വിരൽ ഉയർത്താൻ പോലും തയാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്കരിച്ച് നടപ്പിലാക്കുമെന്നും കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി ക്യാംപെയ്നുകൾ നടത്തി ഇതിലേക്ക് കർഷകരെ ചേർക്കുമെന്നും മന്ത്രി പറഞ്ഞു.
ജെ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സത്യൻ മൊകേരി, .സന്തോഷ് കുമാർ എംപി, സി.പി.മുരളി, സി.പി.സന്തോഷ് കുമാർ സി.പി.ഷൈജൻ, എ.പ്രദീപൻ, എ.പി.ജയൻ, പി.കെ.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 225 പ്രതിനിധികളാണ് പറശ്ശിനിക്കടവ് ഐസിഎമ്മിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നത്. ക്യാംപ് ഇന്ന് സമാപിക്കും.