മായരുത്, ആയിഷ മോളുടെ ചിരി

കണ്ണൂർ: ”എനിക്ക് വേദനിക്കുന്നു ഉമ്മാ…വീട്ടിൽപോണംന്ന് ഡോക്ടറോട് പറ… ദേഹമാകെ നുറുങ്ങുന്ന വേദനയിൽ ആയിഷ മോളുടെ നിലവിളി കണ്ടുസഹിക്കാനാവില്ല.അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂർവരോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരി ആയിഷത്തുൽ ഐറായെ വേദനകളില്ലാത്ത ജീവിതത്തിലേക്ക് തിരിച്ചുനടത്താൻ സുമനസ്സുകളുടെ സഹായം ആവശ്യമായിരിക്കുകയാണ്.തലശ്ശേരി ധർമടം സ്വദേശി ബേക്കോടൻ നജീബിന്റെയും റാഹിദയുടെയും മൂത്തമകളായ ആയിഷയുടെ മുഖത്തെ ചിരി മാഞ്ഞിട്ട് മൂന്നു മാസമായി.
വായിൽനിന്നും മൂക്കിൽനിന്നും രക്തമൊഴുകുന്ന നിലയിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരം രോഗം ബാധിച്ചതായി മനസ്സിലാകുന്നത്. തുടർന്ന് മലബാർ കാൻസർ സെന്ററിലേക്കും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മാറ്റി.മജ്ജ ദുര്ബലമായി രക്തത്തിന്റെ ഉൽപാദനം കുറയുന്ന അവസ്ഥയാണിത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം, മജ്ജ മാറ്റിവെക്കൽ മാത്രമാണ് പരിഹാരം. മജ്ജ നൽകാൻ നജീബ് തയാറാണെങ്കിലും ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി കാരുണ്യമതികളുടെ സഹായം ആവശ്യമാണ്.
50 ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യം. വാടകവീട്ടിൽ താമസിക്കുന്ന പന്തൽ തൊഴിലാളിയായ നജീബിനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലുമാവാത്ത തുകയാണിത്.കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്താലുമാണ് മകളുടെ ഇതുവരെയുള്ള ചികിത്സക്കായി 10 ലക്ഷത്തിലേറെ ചെലവാക്കിയത്. കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒരാഴ്ചക്കകം ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്.മകളുടെ നിലവിളി കണ്ടുസഹിക്കാനാവാതെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി റാഹിദയും നജീബും നന്മവറ്റാത്ത മനുഷ്യരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.
ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താൻ ധർമടം പഞ്ചായത്തംഗം സി.എച്ച്. ജസീല ചെയർപേഴ്സനായും ടി.വി. ബാലകൃഷ്ണൻ ജനറൽ കൺവീനറായും കുന്നുമ്മൽ ചന്ദ്രൻ ട്രഷററായും ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.ഫെഡറൽ ബാങ്ക് കോഴിക്കോട് ശാഖയിൽ കെ. റാഹിദയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14130100173201. ഐ.എഫ്.എസ്.സി: FDRL0001413. ഗൂഗ്ൾ പേ, ഫോൺപേ: 8089936162. ഫോൺ: 9961463272, 7736665186.