സത്യം, ഈ ഗ്രന്ഥശാല അടയ്‌ക്കാറില്ല

Share our post

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ മലയാളം ഓപ്പൺ ലൈബ്രറിയ്‌ക്ക്‌ മറ്റെങ്ങുമില്ലാത്ത പ്രത്യേകതയുണ്ട്. പേരുപോലെ തുറന്ന്‌, വിശാലമാണിത്‌. ലൈബ്രേറിയനില്ലാത്ത, ആർക്കും ഏത് സമയത്തും വന്ന്‌ പുസ്‌തകമെടുക്കാവുന്ന ഗ്രന്ഥശാല. പയ്യന്നൂരിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ റിട്ട. മലയാളം വിഭാഗം മേധാവി ഡോ . കുമാരൻ വയലേരിയുടെ നേതൃത്വത്തിൽ ജനുവരിയിലാണ്‌ ഗ്രന്ഥശാലയുടെ പ്രവർത്തനം തുടങ്ങിയത്‌.

ഒരു വർഷം തികയുമ്പോൾ നാടിന്റെയും പുസ്‌തകപ്രേമികളുടെയും പ്രിയപ്പെട്ട ഇടമായി ഓപ്പൺ ലൈബ്രറി മാറി.
ലൈബ്രറിയിലെ 1500 ഓളം പുസ്തകങ്ങളിൽ കൂടുതലും പഠന ആവശ്യങ്ങൾക്കുള്ളതാണ്. കോഴിക്കോട് നിന്നുൾപ്പെടെ വിദ്യാർഥികൾ ചിറ്റാരിപ്പറമ്പിലെത്തി പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാറുണ്ട്. ഒരു സമയം എത്ര പുസ്തകങ്ങൾ വേണമെങ്കിലും എടുക്കാം. പുസ്തകങ്ങൾക്ക് അടുത്തായി വച്ച രജിസ്റ്ററിൽ പേരെഴുതി ചേർക്കണമെന്നാണ് നിബന്ധന. അമ്പതിൽപ്പരം ആളുകൾ നിത്യേന ഗ്രന്ഥശാലയിൽ എത്താറുണ്ട്.

കൂടുതലും വിദ്യാർഥികളാണ്. വായന പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സാംസ്‌കാരിക പ്രവർത്തനങ്ങളും ഈ “ഓപ്പൺ ലൈബ്രറി’ ലക്ഷ്യമിടുന്നു.ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കൂടുതലും സംഭാവന ലഭിച്ചതാണ്. ഓപ്പൺ ലൈബ്രറിയുടെ ലക്ഷ്യം മനസിലാക്കി ചിലർ പുസ്തകമായും തുകയായും സഹായം നൽകാറുണ്ട്. നിർമലഗിരി കോളേജിൽ ഫോക് ലോർ സെമിനാർ, ചിറ്റാരിപ്പറമ്പിൽ ഓട്ടൻ തുള്ളൽ തുടങ്ങി വിവിധ സാംസ്കാരികപരിപാടികളും ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്‌. ഓപ്പൺ ലൈബ്രറി പബ്ലിക്കേഷൻ എന്ന ബാനറിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഒരുങ്ങുകയാണ്‌. രതീശൻ മള്ളന്നൂരിന്റെ “നോവിന്റെ ചിത’ എന്ന കവിതാ സമാഹാരമാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. എം ഉത്തമനാണ് ഗ്രന്ഥശാലാ സെക്രട്ടറി. കെ വി ധർമരാജൻ പിആർഒയും സതീശൻ ട്രഷററുമായുള്ള കമ്മിറ്റിക്കാണ്‌ ഗ്രന്ഥശാലയുടെ നടത്തിപ്പ് ചുമതല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!