ലോറി ഇടിച്ച് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് തകർന്നു

കണ്ണൂർ: ലോറി ഇടിച്ച് താഴെ ചൊവ്വ ദേശീയപാതയിലെ റെയിൽവേ ഗേറ്റ് തകർന്നു. സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ ഗതാഗതം മുടങ്ങി. റോഡിനു കുറുകെ ചങ്ങല കെട്ടി ബന്ധിപ്പിച്ച് റോഡ് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 8.15ഓടെയാണ് തലശ്ശേരി ഭാഗത്തു നിന്നും വന്ന ടിപ്പർ ലോറി ഗേറ്റിന്റെ വടക്കു വശത്തെ തൂണിൽ ഇടിച്ചത്. ഗേറ്റ് അടയ്ക്കാൻ ഹോൺ മുഴങ്ങിയപ്പോൾ ഗേറ്റ് കടക്കുന്നതിനായി വേഗത്തിൽ മുന്നോട്ടെടുത്ത ലോറി നിയന്ത്രണം തെറ്റി ഗേറ്റ് സ്ഥാപിച്ച തൂണിൽ ഇടിക്കുകയായിരുന്നു.
ഗേറ്റ് സ്ഥാപിച്ച ഫൗണ്ടേഷനും ഗേറ്റിന്റെ ഒരു ഭാഗവും തകർന്നു. ഈ സമയം കടന്നു പോകാനിരുന്ന ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. സിഗ്നൽ പുനഃസ്ഥാപിച്ച് ട്രെയിൻ സർവീസ് മിനിറ്റുകൾക്കകം പുനരാരംഭിച്ചു. സാങ്കേതിക വിദഗ്ധർ എത്തി അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. വാഹനങ്ങൾ കിഴുത്തള്ളി വഴിയാണ് കടന്നു പോകുന്നത്.