എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവേ 14 വില്ലേജുകളിൽ ആദ്യഘട്ടം

ജില്ലാതല ഉദ്ഘാടനം ഇന്ന് തലശ്ശേരിയിൽ
കണ്ണൂർ: ‘എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30-ന് തലശ്ശേരി ടൗൺ ഹാളിൽ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. നാലുവർഷംകൊണ്ട് കേരളം പൂർണമായും ഏറ്റവും ശാസ്ത്രീയമായരീതിയിൽ ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ ഭൂരേഖകൾ തയ്യറാക്കുന്നതിന്റെ ഭാഗമായാണിതെന്ന് കളക്ടർ എസ്.ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡിജിറ്റൽ റീസർവേയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ചൊവ്വാഴ്ച രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പത്രസമ്മേളനത്തിൽ അസി. കളക്ടർ മിസൽ സാഗർ ഭരത്, റീ സർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി എന്നിവർ സംബന്ധിച്ചു.
ആദ്യഘട്ടം 14 വില്ലേജുകളിൽ
ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തും. വില്ലേജുകൾ ഇവ: കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം (കണ്ണൂർ താലൂക്ക്), തലശ്ശേരി, കോട്ടയം (തലശ്ശേരി താലൂക്ക്), ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം (ഇരിട്ടി താലൂക്ക്). ഇവ ആറ് മാസത്തിനകം പൂർത്തിയാക്കും. സർവേ ഉദ്യോഗസ്ഥരെ സഹായിക്കാൻ ജില്ലയിൽ 48 സർവേയർമാരെയും 180 ഹെൽപ്പർമാരെയും താത്കാലികമായി നിയമിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡിജിറ്റൽ സർവേയിലൂടെ കഴിയും.
എന്താണ് ‘എന്റെ ഭൂമി’ പദ്ധതി
സംസ്ഥാനത്ത് റീസർവെ നടപടികൾ 1966-ൽ തുടങ്ങിയെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിൽ 438.46 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽനിന്ന് അനുവദിച്ചിട്ടുണ്ട്.
നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. വകുപ്പ് ജീവനക്കാരെ കൂടാതെ 1500 സർവെയർമാരും 3200 ഹെൽപ്പർമാരും ഉൾപ്പെടെ 4700 പേരെ കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കും.