വ്യാപാരികളെ പറഞ്ഞുപറ്റിച്ചു, എലയ്ക്ക വാങ്ങി കോടികളുടെ തട്ടിപ്പ്; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

കട്ടപ്പന: വിവിധ സംസ്ഥാനങ്ങളിലും ഖത്തറിലും സാമ്പത്തികത്തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ അടയാമൺ ജിഞ്ചയനിവാസ് ജിനീഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. 2015-ൽ ഖത്തറിൽ ജോലി ചെയ്തപ്പോൾ വിദേശമലയാളിയുടെ 4.5 കോടി രൂപ തട്ടിയെടുത്തുമുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് നടത്തി.
കേരളത്തിൽ വന്നിട്ട്, ഏലയ്ക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നുപറഞ്ഞ് ഇടുക്കിയിലെ വൻകിട വ്യാപാരികളിൽനിന്ന് ഏലയ്ക്ക വാങ്ങി പണം നൽകാതെ ഒളിവിൽ പോയി.കുമളിയിലെ വൻകിടവ്യാപാരിയുടെ 50 ലക്ഷത്തിന്റെ ഏലയ്ക്കായും കട്ടപ്പനയിലെ വ്യാപാരിയുടെ 70 ലക്ഷത്തിന്റെ ഏലയ്ക്കായും തട്ടിയെടുത്തിരുന്നു.
പശ്ചിമബംഗാൾ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയുടെ 1.75 കോടി രൂപയും എറണാകുളത്തുള്ള വിദേശമലയാളിയുടെ മൂന്നരക്കോടി രൂപയും കോഴിക്കോട്ടുള്ള വിദേശമലയാളിയുടെ 60 ലക്ഷം രൂപയും തട്ടിയെടുത്തതിന് കേസുണ്ട്. മൂന്ന് തിരുവനന്തപുരം സ്വദേശികളെ, വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപയും വാങ്ങി.ഡിവൈ.എസ്.പി. പി.എ.നിഷാദ്‌മോൻ, എ.എസ്.ഐ. വിജയകുമാർ, എസ്.സി.പി.ഒ. മാരായ പി.ജെ.സിനോജ്, ടോണി ജോൺ, ഗ്രേസൺ ആന്റണി, പി.എസ്.സുബിൻ അനീഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.