പ്രവൃത്തി യഥാസമയം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി

കണ്ണൂർ: ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി നിശ്ചിത കാലയളവിനുള്ളിൽ പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജല മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജലജീവൻ മിഷൻ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പുതലത്തിൽ പ്രവൃത്തി പരിശോധിച്ച് വർക്ക് ചാർട്ട് തയ്യാറാക്കണം. വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നടപടി ശക്തമാക്കണം.
പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂമിയുടെ ഫെയർ മൂല്യത്തോടൊപ്പം വിപണി മൂല്യംകൂടി പരിഗണിച്ച് വില നിശ്ചയിക്കുന്നതിന് കലക്ടർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കുടിവെള്ള കണക്‌ഷനുകൾ പൂർത്തിയാക്കിയ പഞ്ചായത്തുകൾ നിലവിലെ അപേക്ഷകൾ സമ്പൂർണമായും ഏറ്റെടുത്തശേഷംമാത്രമേ പുതിയ കണക്‌ഷനുകൾ പരിഗണിക്കേണ്ടതുള്ളൂ. ജലവിതരണ പൈപ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തും. ചിലയിടങ്ങളിൽ വെള്ളം ഉപയോഗിക്കാതെയും വലിയ തുക ബിൽ വരുന്നതും പ്രത്യേകം പരിശോധിക്കും.
ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കപ്പെട്ട അസി. എക്‌സി എൻജിനിയർമാർ റിപ്പോർട്ട് തയ്യാറാക്കി നവംബർ ഏഴിനകം എംഎൽഎമാർക്ക് നൽകണം. എംഎൽഎമാരുടെ നേതൃത്വത്തിൽ 20നകം അവലോകനം നടത്തണം.ആകെയുള്ള 4.4 ലക്ഷം ഗ്രാമീണ വീടുകളിൽ 3.60 ലക്ഷം ഗ്രാമീണ വീടുകളിലാണ് ജലജീവൻ മിഷൻ കണക്‌ഷനുകൾ നൽകേണ്ടത്. പദ്ധതി ആരംഭിച്ച ശേഷം 1.26 ലക്ഷം കണക്ഷനുകളാണ് നൽകിയത്. 2.34 ലക്ഷം കണക്ഷൻകൂടി നൽകണം.
3342.81 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.യോഗത്തിൽ എംഎൽഎ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ടി ഐ മധുസൂദനൻ, എം വിജിൻ, കെ പി മോഹനൻ, സണ്ണി ജോസഫ്, കേരള വാട്ടർ അതോറിറ്റി എംഡി വെങ്കിടേശപതി, കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ ഡെവലപ്‌മെന്റ് കമീഷണർ ഡി ആർ മേഘശ്രീ, കേരള വാട്ടർ അതോറിറ്റി (കോഴിക്കോട്) സി ഇ ലീനകുമാരി എന്നിവർ പങ്കെടുത്തു.