മേയറും എം.എൽ.എയും; പ്രോട്ടോക്കോൾ പോര് മുറുകുന്നു

Share our post

കണ്ണൂർ:  സർക്കാർ പ്രോട്ടോക്കോൾ പ്രകാരം മുകളിൽ മേയറോ എംഎൽഎയോ? കണ്ണൂർ കോർപറേഷനിൽ സർക്കാർ പരിപാടികൾ? നടക്കുമ്പോൾ ഉയർന്നു വരുന്ന ചോദ്യമാണിത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

കണ്ണൂരിൽ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ കേരള സ്‌കൂൾ ഗെയിംസ് രണ്ടാം ഘട്ട മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് ഏറ്റവും ഒടുവിൽ പ്രോട്ടോക്കോൾ പ്രശ്നം ഉയർന്നത്.

ഉദ്ഘാടകനായി നേരത്തേ നിശ്ചയിച്ചിരുന്ന മേയറെ തഴഞ്ഞ് സ്ഥലം എംഎൽഎ യെയാണു നിയോഗിച്ചത്. മേയറെ മുഖ്യാതിഥിയാക്കി. ഇതേ തുടർന്നു കഴിഞ്ഞ ദിവസം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടന ചടങ്ങു ബഹിഷ്കരിച്ചിരുന്നു.

മേയർ നഗര പിതാവ്

കോർപറേഷന്റെ പിതാവ് എന്നാണ് മേയറെ പൊതുവിൽ അടയാളപ്പെടുത്തുന്നത്. കോർപറേഷൻ പരിധിയിൽ നടക്കുന്ന പൊതുപരിപാടി കളിൽ മുൻഗണന നൽകേണ്ടതു മേയർക്കാണ്. ഇക്കാര്യം സർക്കാരിന്റെ പ്രോട്ടോക്കോൾ നടപടിക്രമങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

പ്രോട്ടോക്കോളിൽ നിയമസഭാ ഡപ്യൂട്ടി സ്പീക്കറും മേയറും തുല്യ പദവിയിലാണ്. മേയർക്കും താഴെയാണ് എംപിയുടെ സ്ഥാനം. എംപിക്കും താഴെയാണ് എംഎൽഎ. ഇതനുസരിച്ചുള്ള ക്രമീകരണത്തിലാണ് ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത് എന്നാണു നിർദേശം.

പ്രോട്ടോക്കോൾ പാലിക്കേണ്ടത് ഇങ്ങനെ

കോർ‌പറേഷനിൽ മന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ ആദ്യ പരിഗണന നൽകേണ്ടതിനാൽ മന്ത്രി തന്നെയാണ് ഉദ്ഘാടകനാ കേണ്ടത്. രണ്ടാമത് പരിഗണന മേയർക്ക് ആയതിനാൽ മേയറെ മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആക്കാം. സ്ഥലം എംഎൽഎ അധ്യക്ഷനുമാകും. കോർപറേഷനിൽ മേയറും എംപിയും പങ്കെടുക്കുന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പ്രഥമ പരിഗണന മേയർക്കു തന്നെയാണ്. നൽകേണ്ടത്. അതിനാൽ ഉദ്ഘാടകനാകേണ്ടതും മേയർ തന്നെ. എംപി മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആകും.

അതേ സമയം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രഥമ പരിഗണന നൽകേണ്ടത് എംപിക്കാണ്. അപ്പോൾ ഉദ്ഘാടകൻ എംപിയും വിശിഷ്ടാതിഥി മേയറുമാകും. കോർപറേഷനിൽ മേയറും എംഎൽഎയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം പ്രഥമ പരിഗണന മേയർക്കാണ്. അതിനാൽ ഉദ്ഘാടകനാകേണ്ടതും മേയർ തന്നെ. സ്ഥലം എംഎൽഎയെ അധ്യക്ഷനാക്കാം. അല്ലെങ്കിൽ വിശിഷ്ടാതിഥിയോ മുഖ്യാതിഥിയോ ആക്കാം.

കലക്ടർക്ക് കത്തുമായി മേയർ

സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മേയർ ടി.ഒ.മോഹനൻ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള മുൻഗണനാ ക്രമം പാലിക്കുന്നില്ലെന്നാണ് പരാതി. കലക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടത്തിയ പരിപാടിയിൽ പോലും പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!