കുരുമുളകിന് മഞ്ഞളിപ്പ്; പ്രതീക്ഷ നശിച്ച് കർഷകർ

പനമരം: കർഷകന്റെ പ്രതീക്ഷകൾ തകർത്ത് കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. വില സ്ഥിരതയില്ലാത്തതിനൊപ്പം കുരുമുളക് കൃഷിയിടങ്ങളിൽ മഞ്ഞളിപ്പ് രോഗം ( സാവധാന വാട്ടം) പടരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലവർഷം കഴിഞ്ഞു വെയിൽ തെളിഞ്ഞതോടെ ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗമാണ് രോഗം പടരുന്നത്. പ്രായമായ കുരുമുളകു ചെടിക്കു പുറമേ പുതുതായി പ്ലാന്റ് ചെയ്ത തോട്ടങ്ങളിലും പുനരുദ്ധാരണം നടത്തി രണ്ടും മൂന്നും വർഷമായ കൃഷിയിടങ്ങളും മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്. ഇലകൾ മഞ്ഞ നിറത്തിലായി ദിവസങ്ങൾക്കുള്ളിൽ ഇലയും കുരുമുളക് തിരിയും പൊഴിയുന്നതാണ് ആദ്യ ലക്ഷണം.
പിന്നീട് തണ്ടിന്റെ അഗ്രഭാഗം വാടി കണ്ണിത്തല മുറിഞ്ഞ് കുരുമുളക് ചെടി തന്നെ ഉണങ്ങി നശിക്കും. പനമരം പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് തോട്ടങ്ങൾ ഏറെയുള്ളത്. വർഷാവർഷം പുതിയ കുരുമുളക് ചെടികൾ വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും വിളവെടുപ്പിന് മുൻപ് രോഗം ബാധിച്ചും വന്യമൃഗശല്യവും മൂലം കൃഷി നശിക്കുന്നതിനാൽ 2 പതിറ്റാണ്ടായി കുരുമുളകിന്റെ ഉൽപാദനം ജില്ലയിൽ കുറയുകയാണ്.
രോഗബാധയ്ക്കു പുറമേ വിളയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിക്കുന്നു. ഇടയ്ക്കു കുരുമുളകിനു വിലയുയരുകയും റബർ ഷീറ്റിന് വില കുറയുകയും ചെയ്തതോടെ കർഷകർ റബർ മരത്തിന്റെ അടിക്കമ്പുകൾ മുറിച്ച് കുരുമുളക് ചെടികൾ കൃഷിയിറക്കിയിരുന്നു. എന്നാൽ മഞ്ഞളിപ്പ് രോഗം ബാധിച്ച് കുരുമുളക് ചെടി നശിച്ചു തുടങ്ങിയതോടെ റബർ വീണ്ടും ടാപ്പ് ചെയ്യാൻ തുടങ്ങി. കുരുമുളകിനെ ബാധിക്കുന്ന രോഗങ്ങളെ പൂർണമായും നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ കണ്ടുപിടിച്ചില്ലെങ്കിൽ ഭാവിയിൽ കുരുമുളക് ചെടി കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്
മഞ്ഞളിപ്പ് രോഗം
കുമിളുകൾ, നീമാവിരകൾ, മീലിമൂട്ടകൾ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമ വിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകൾ തുരന്ന് അവയിൽ മുഴകൾ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകൾക്ക് പിന്നീട് കുമിൾ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിൽ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീർവാർച്ചക്കുറവ് ഈ രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്.
നിയന്ത്രണ മാർഗങ്ങൾ
രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ ചെടികൾ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക. കമ്യുണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടിൽ ചേർക്കുക, വള്ളിയൊന്നിനു 3 കിലോ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുക, മിത്രബാക്ടീരിയായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പെസിലോമൈസെസ് ലിലാസിനസ് നൽകുക. ട്രൈക്കോഡെർമ ചേർത്ത ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവ ഇട്ടുകൊടുക്കുക.