ദുർഗന്ധം വമിച്ച് ആദിവാസി വയോധികയുടെ മൃതദേഹം; ആസ്പത്രിയിൽ എത്തിക്കാൻ 8 മണിക്കൂർ കാത്തിരിപ്പ്

Share our post

ആദിവാസി വയോധികയുടെ മൃതദേഹം താമരശ്ശേരി താലൂക്ക് ആസ്പത്രിയിൽനിന്ന് പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ  കോളജ് ആസ്പത്രിയിൽ എത്തിക്കാൻ 8 മണിക്കൂർ കാത്തിരിപ്പ്. ആസ്പത്രിയിൽ മോർച്ചറി സൗകര്യം ഇല്ലാത്തതുമൂലം മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ച് തുടങ്ങിയതോടെ ആസ്പത്രി ജീവനക്കാരും പ്രയാസത്തിലായി. ഇൻക്വസ്റ്റ് നടപടികൾക്കായി പൊലീസ് എത്താൻ വൈകിയത് മൂലമാണ് ബന്ധുക്കൾക്ക് മൃതദേഹം വച്ചിരുന്ന മുറിയുടെ പുറത്ത് 8 മണിക്കൂർ കാത്തിരിക്കേണ്ടി വന്നത്. 

കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽപെട്ട കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് (90) മരിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയ മാധവിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് താമരശ്ശേരി താലൂക്ക് ആസ്പത്രിയിലേക്ക് റഫർ ചെയ്തതാണ്. താലൂക്ക് ആസ്പത്രിയിൽ ശനിയാഴ്ച വൈകിട്ട് 4ന് എത്തിച്ചപ്പോൾ മാധവി മരിച്ചിരുന്നു. ഉടനെ ആസ്പത്രി അധികൃതർ താമരശ്ശേരി പൊലീസിലും കൂരാച്ചുണ്ട് സ്റ്റേഷനിലും അറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകി.

മാധവിയുടെ മകൾ മാത, സഹോദരിയുടെ മകൾ മിനി എന്നിവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയില്ല. ആസ്പത്രി അധികൃതർ പലതവണ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞ ശേഷമാണ് രാത്രി പതിനൊന്നരയോടെ പൊലീസ് ആംബുലൻസുമായി എത്തിയത്. തുടർ നടപടികൾ പൂർത്തിയാക്കി 12 മണിയോടെ മൃതദേഹം ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടു പോയതോടെ മാതയും മിനിയും ടാക്സി ജീപ്പിൽ നാട്ടിലേക്ക് പോയി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!