ആസാദി സാറ്റ് ബഹിരാകാശമേറുന്നത് കാണാൻ ഉപഗ്രഹ രൂപകല്പനയിൽ പങ്കാളികളായ കോളയാട്ടെ വിദ്യാർത്ഥിനികളും

Share our post

കോളയാട് (കണ്ണൂർ): 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭാരതത്തിലെ 75 സ്‌കൂളുകളിലെ 750 പെൺകുട്ടികൾ നിർമിച്ച ആസാദി സാറ്റലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയരുന്നതിന് സാക്ഷികളാവാൻ കോളയാട് സെയ്ന്റ് കൊർണേലിയൂസ് സ്‌കൂളിലെ വിദ്യാർഥിനികളും. ഉപഗ്രഹ രൂപകല്പനയിൽ അന്തരീക്ഷ താപനിലയും വേഗതയും അളക്കാൻ കഴിയുന്ന രീതിയിൽ ചിപ്പ് പ്രോഗ്രാം ചെയ്യുന്നതിൽ പങ്കാളികളായ പത്ത് വിദ്യാർഥിനികളും അധ്യാപകരുമടങ്ങുന്ന സംഘത്തിന് വെള്ളിയാഴ്ച സ്‌കൂളിൽ യാത്രയയപ്പ് നല്കി.

പെൺകുട്ടികളിലും സ്ത്രീകളിലും സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയുടെ പഠനം പ്രോത്സാഹിപ്പിക്കാനായി യുണൈറ്റഡ് നേഷൻസിന്റെ ഈ വർഷത്തെ തീമായ ‘ആൾ വുമൺ ഇൻ സ്‌പേസ്’ന്റെ ഭാഗമായാണ് ആസാദി സാറ്റ് നിർമാണം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന ശാസ്ത്ര സാങ്കേതിക സ്ഥാപനം വികസിപ്പിച്ച ഈ സാറ്റലൈറ്റിന്റെ നിർമാണത്തിലാണ് കേരളത്തിലെ രണ്ട് സ്‌കൂളുകളിൽ നിന്നായി 20 പെൺകുട്ടികൾ പങ്കാളികളായത്.ഭാരതത്തിലെ ആദ്യ പദ്ധതി കൂടിയാണിത്.

കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022 ജനുവരിയിലാണ് ഉപഗ്രഹ രൂപകല്പനയിൽ പങ്കാളികളാവാനുള്ള സന്ദേശം സ്‌പേസ് കിഡ്‌സ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ആസാദി സാറ്റ് കോ-ഓർഡിനേറ്ററായപഴയങ്ങാടി സ്വദേശി ഹരീഷ് കക്കീൽ വഴിയാണ് പദ്ധതി സ്‌കൂളിലെത്തിയത്. ഹരീഷിന്റെ സുഹൃത്തും സ്‌കൂളിലെ അധ്യാപകനുമായ പി. ഉണ്ണികൃഷ്ണൻ മുഖേന ലഭിച്ച പദ്ധതി 10 വിദ്യാർഥിനികളടങ്ങുന്ന സംഘത്തെകൊണ്ട് ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി സ്‌പേസ് കിഡ്‌സിനു കൈമാറി.

വി. സ്വാതിക, നിയ.പി.ദിനേശ്, ടി. നിരഞ്ജന, സജ ഫാത്തിമ, ശ്രിയ ശേഖർ, പി. കൃഷ്‌ണേന്ദു, ശ്രേയ മറിയ സുനിൽ, തീർഥ പ്രശാന്ത്, നിയ.എം.നമ്പ്യാർ, തൃഷ വിനോദ് എന്നീ വിദ്യാർഥിനികളാണ് ഭൗതികശാസ്തം അധ്യാപകൻ പി. മിഥുന്റെ നേതൃത്വത്തിൽ പദ്ധതിയിൽ പങ്കാളികളായത്. അധ്യാപകരായ എം.ജെ. ജോമെറ്റ്, വി.കെ. ജയൻ, വി.ജെ. ടെജി, പ്രഥമധ്യാപകൻ ബിനു ജോർജ് എന്നിവരും സഹകരിച്ചു. 

ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നും ഐ.എസ്.ആർ.ഒ വികസിപ്പിച്ച എസ്.എസ്.എൽ.വിയിലാണ് (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ആസാദി സാറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക. ഇതിന് സാക്ഷികളാവാനാണ് പദ്ധതിയിൽ പങ്കാളികളായ കോളയാട് സെയ്ന്റ് കൊർണെലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 15 അംഗ സംഘം യാത്ര തിരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!