ഒരുങ്ങുന്നു പാട്യത്തും ‘ടേക്ക് എ ബ്രേക്ക്’

കൂത്തുപറമ്പ് : ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പാട്യം ഗ്രാമ പഞ്ചായത്തിലും ഉടൻ ആരംഭിക്കും. പഞ്ചായത്തിലെ കെട്ടിയോടിയിലും കാര്യാട്ട് പുറത്തുമാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആധുനിക സംവിധാനങ്ങൾ അടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയുമാണ് കെട്ടിടം പണിതത്. കോഫീ ഷോപ്പുകൾ നടത്തിപ്പിനായി കുടുംബശ്രീക്ക് കൈമാറും. ദൂരസ്ഥലങ്ങളിൽ നിന്നടക്കം യാത്ര ചെയ്യുന്നവർക്ക് പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏറെ പ്രയോജനപ്പെടും. കൊട്ടിയോടിയിൽ കെട്ടിടത്തിന്റെ അന്തിമഘട്ട മിനുക്ക് പണി മാത്രമാണ് ബാക്കിയുള്ളത്. 15 ലക്ഷം രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ്. പഴശ്ശി ഇറിഗേഷൻ വിട്ടു നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കാര്യാട്ടുപുറത്ത് നിർമ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ പണികളും ഏതാണ്ട് പൂർത്തിയായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടര സെന്റ് സ്ഥലത്താണ് ഇരുകെട്ടിടം ഇവിടെ ഒരുങ്ങുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനീജ പറഞ്ഞു.