ജാക്ക് ഫ്രൂട്ട് വേൾഡ്-ചക്കക്കും ‘ആപ്പായി’

Share our post

ചക്കപ്രേമികളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമായി. ചക്കയെ സംബന്ധിച്ച വിവരങ്ങളും കച്ചവടസാധ്യതകളും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള പൊതുവേദിയായി ആപ്ളിക്കേഷൻ പ്ളേസ്റ്റോറിലെത്തി. ‘ജാക്ക് ഫ്രൂട്ട് വേൾഡ്’ എന്നു പേരിട്ട ആപ്ളിക്കേഷൻ ഇതിനോടകം 500 പേർ ഡൗൺലോഡ് ചെയ്തു. 390 പേർ സജീവമായി ഉപയോഗിക്കുന്നു. വൈകാതെ കൂടുതൽപേരിലേക്ക്‌ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. വരുന്ന ചിങ്ങത്തിൽ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങുണ്ടാകും.

ജോയ്‌സി പി.മാത്യുവിന്റെ നേതൃത്വത്തിലുള്ള റൂറൽ അഗ്രികൾച്ചറൽ െഡവലപ്മെന്റ് ആൻഡ്‌ റിസർച്ച് സെന്റർ എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് ആപ്പ്‌ തയ്യാറാക്കിയത്‌. കേരളത്തിലും പുറത്തുമുള്ള പ്ലാവ് കർഷകരുടെയും ചക്കക്കച്ചവടക്കാരുടെയും കയറ്റുമതിക്കാരുടെയും കൂട്ടായ്മയുടെ പിന്തുണയുണ്ട്. ഷോബിത്ത് സർവകലാശാലയും ഒപ്പമുണ്ട്.

ചക്കയുടെ പുതിയ സാധ്യതയായ മാംസമെന്ന തോന്നലുണ്ടാക്കുന്ന സസ്യാധിഷ്ഠിതഭക്ഷണ വിഭാഗത്തിൽ ആഗോളനിലവാരമുണ്ടാക്കാൻ പ്ളാന്റ് ബേസ്ഡ് ഫുഡ് ഇൻഡസ്ട്രീസ് അസോസിയേഷനുമായി ചേർന്നും പ്രവർത്തിക്കുന്നു. വീഗൻസിനെയും സസ്യാഹാരികളെയും മുന്നിൽക്കണ്ടുള്ളതാണ് ഇൗ ഭക്ഷണരീതി.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ മുൻ ഡയറക്ടർ പ്രൊഫ. മോണിയാണ് നേതൃത്വം നൽകുന്നത്. പത്തനംതിട്ടയിലെ കൃഷിവിജ്ഞാൻ കേന്ദ്രയാണ് സാങ്കേതികസഹായം നൽകുന്നത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബ്ളോക്ക് ചെയിൻ സാങ്കേതികവിദ്യയും ചേർത്ത് ഒരുക്കിയ ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാം. കച്ചവടക്കാരും കയറ്റുമതിക്കാരുമെല്ലാം ഇതിലുണ്ടാകും.

വരിക്ക, കൂഴ തുടങ്ങി എല്ലാത്തരം ചക്കകളും ഇവയുടെ വകഭേദങ്ങളുമടക്കം എല്ലാ വിഭാഗം പ്ളാവ് കർഷകരെയും ടാഗ് ചെയ്യും. ഇത്തരമൊരു സർവേയിലൂടെ ഏതുതരം ചക്ക എവിടെയുണ്ടെന്നും എപ്പോൾ വിളവെടുക്കുമെന്നുമുള്ള വിവരം ലഭ്യമാകും.

ചക്കയിൽനിന്ന് 400 തരം മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കുന്ന വീട്ടമ്മമാരുണ്ട്. ഒരു കിലോ ചക്കക്കുരു 25 രൂപയ്ക്കു വാങ്ങുന്ന ചക്കക്കുരുപൊടി ഉത്‌പാദകരുമുണ്ട്. പാലായിൽ ഒരു കർഷകന്റെ വീട്ടിൽ 300 വ്യത്യസ്ത പ്ളാവുകളുണ്ട്. “വരിക്കയെന്ന പൊതുപേരിൽ വിളിക്കുമെങ്കിലും അതിൽത്തന്നെ വ്യത്യസ്തമായ ഇനങ്ങൾ ധാരാളമുണ്ട്. ഇത്തരം വിവരങ്ങളൊക്കെ പങ്കുവെക്കാനും ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാനും ജാക്ക്‌ ഫ്രൂട്ട് വേൾഡ് സഹായിക്കും”-ജോയ്‌സി പി.മാത്യു പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!