കുരുക്കൊഴിയാതെ പള്ളിക്കുന്ന്
കണ്ണൂർ : ദേശീയപാതയിൽ പള്ളിക്കുന്നിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. വലിയവാഹനങ്ങൾ രാവിലെയും വൈകിട്ടും നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതിന് പിന്നാലെയാണ് കുരുക്ക് വർധിച്ചത്. പള്ളിക്കുന്നിലെ പ്രധാന റോഡിലേക്ക് ഇടച്ചേരി റോഡിൽനിന്നും പന്നേൻപാറ റോഡിൽനിന്നുമെത്തുന്ന വാഹനങ്ങൾ കയറുമ്പോഴും ഇവിടെ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്.
തിരക്കേറുന്ന സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് പൊലീസ് ഏറെ പണിപ്പെടുകയാണ്. റോഡിന് ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചതിന് തൊട്ടുതാഴെപോലും വാഹനങ്ങൾ നിർത്തിയിടുകയാണ്. കാറുകളാണ് കൂടതലും.
പിഴചുമത്തുന്നുണ്ടെങ്കിലും നിയമലംഘനം തുടരുകയാണ്.
മഴക്കാലത്ത് പള്ളിക്കുന്ന് ജങ്‌ഷനിൽ രൂപപ്പെടുന്ന വെള്ളകെട്ട് കാരണം വാഹനങ്ങൾക്ക് വേഗം കുറച്ചേ പോകാൻ സാധിക്കുകയുള്ളൂ. പള്ളിക്കുന്നിൽ ട്രാഫിക്ക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും തിരക്കേറുന്ന സമയങ്ങളിൽ കൂടുതൽ ട്രാഫിക്ക് പൊലീസുകാരെ നിയമിക്കണമെന്നും ആവശ്യമുയരുകയാണ്. നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന സിറ്റിറോഡ് ഇംപ്രൂവ്മെന്റ് പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗതാഗതകുരുക്ക് ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
