പറശ്ശിനിപ്പുഴയിൽ ‘റോയൽ’ സവാരി
2019ലാണ് മയ്യിൽ റോയൽ ടൂറിസം ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് പറശ്ശിനിപ്പുഴയിൽ ഉല്ലാസ ബോട്ടിറക്കിയത്. തീർഥാടകരെയും വിദേശ ടൂറിസ്‌റ്റുകളെയും ലക്ഷ്യമിട്ടാണ് സർവീസ് ആരംഭിച്ചത്. പറശ്ശിനിപ്പുഴയുടെ സൗന്ദര്യമാണ് ഇതിലൂടെ പുറത്തറിഞ്ഞത്. 30 സീറ്റുള്ള ബോട്ടാണ് റോയൽ ടൂറിസത്തിന്റേത്. 40 പേരെ കയറ്റാൻ അനുവാദമുള്ള ബോട്ട് പൂർണമായും എയർ കണ്ടീഷൻ ചെയ്‌തതാണ്. ഡക്കിലിരുന്ന് കാഴ്‌ച കാണാനും സൗകര്യമുണ്ട്.
അഴീക്കൽ സിൽക്കിലാണ് ബോട്ട് നിർമിച്ചത്. പിറന്നാൾ പാർട്ടികളടക്കമുള്ള പരിപാടികൾക്കും ബോട്ട് ഉപയോഗപ്പെടുത്താം. ഭക്ഷണവും നൽകുന്നു. ബോട്ടിലെ മെനുവിനുപുറമെ ആവശ്യപ്പെടുന്ന ഭക്ഷണവും എത്തിക്കുന്നുണ്ട്. മണിക്കൂറിന് 3000 രൂപയാണ് വാടക. 30 പേർക്ക് കയറാം. ദിവസ പാക്കേജിൽ ആറുമണിക്കൂറാണ് ചെലവഴിക്കാനാകുക. 2019ൽ തുടങ്ങിയ സർവീസ് ആദ്യ രണ്ടുവർഷവും കോവിഡ് പ്രതിസന്ധികളിൽ കുടുങ്ങി. എന്നാൽ, നിലവിൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി മാനേജിങ് ഡയറക്ടർ പി. മുകുന്ദൻ പറഞ്ഞു. പറശ്ശിനിപ്പുഴയിൽ അടുത്ത ഹൗസ് ബോട്ടുകൂടി ഇറക്കാനുള്ള ഒരുക്കത്തിലാണ് ടി.കെ. ഗോവിന്ദൻ ചെയർമാനായ സൊസൈറ്റി. ബെഡ്‌റൂമടക്കമുള്ള സൗകര്യങ്ങളോടെയാകും പുതിയ ഹൗസ് ബോട്ട് ഇറങ്ങുക.
