‘മക്കൾക്കായി ഹൃദയപൂർവം’: രുചിയിലുണരും മാട്ടറ സ്‌കൂൾ
ഇരിട്ടി : മാട്ടറ ഗവ. എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. ‘മക്കൾക്കായ് ഹൃദയപൂർവം’ പദ്ധതി മുഖേനയാണ് കുട്ടികൾക്ക് ആഹാരം നൽകുന്നത്. മാട്ടറ വാർഡിലെ വിദ്യാർഥികളുടെ വീടുകളിൽ കുടുക്ക സ്ഥാപിച്ച് പദ്ധതിക്കായി തുക സമാഹരിക്കും. ഉദാരമതികളുടെ സഹായവുമുണ്ട്. രാവിലെ 9.15 മുതൽ ഭക്ഷണം നൽകും. മാർച്ച് 31ന് വീടുകളിലെ സമ്പാദ്യകുടുക്കകൾ പൊട്ടിച്ച് ലഭിക്കുന്ന തുക പി.ടി.എ.ക്ക് കൈമാറും. അധികമായി ലഭിക്കുന്ന തുക ഉച്ചഭക്ഷണ വിതരണ പദ്ധതിയിലേക്ക് മാറ്റും. രാവിലെ പല കുട്ടികളും തിരക്കിട്ട് സ്‌കൂളിലെത്തുന്നതിനാൽ പലരും ഭക്ഷണം കഴിക്കാതെ വരുന്നതായും ക്ലാസ് തുടങ്ങുന്ന ഘട്ടത്തിൽ പല വിദ്യാർഥികളിലും ക്ഷീണം പ്രകടമാകുന്നതും മനസിലാക്കിയാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് വാർഡംഗം സരുൺ തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പദ്ധതി ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് വർഗീസ് വരമ്പുങ്കൽ പ്രഥമാധ്യാപിക നീനമേരി, ജോളി കൂനംമാക്കൽ എന്നിവർ സംസാരിച്ചു.
