സംസ്ഥാനത്ത് മങ്കിപോക്‌സ് പരിശോധന ആരംഭിച്ചു

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍.ഐ.വി.യിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍.ഐ.വി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍.ഐ.വി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മൂന്നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണ്. ഇതിലൂടെ എന്‍.ഐ.വി പൂനയിലേക്ക് സാമ്പിളുകള്‍ അയയ്‌ക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ കൂടുകയാണെങ്കില്‍ കൂടുതല്‍ ലാബുകളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്‌ക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്‌തുവായ ഡി.എന്‍.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സിന് രണ്ട് പി.സി.ആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!