റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാംക്ലാസുകാരനടക്കം 5 പേര്‍ പിടിയില്‍

Share our post

പരപ്പനങ്ങാടി: റെയില്‍വേട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന അഞ്ചുപേര്‍ അറസ്റ്റിലായി.

ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒന്പതാംക്ലാസുകാരന്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായത്. പരപ്പനങ്ങാടി മേല്‍പ്പാലത്തിനുതാഴെ റെയില്‍വേട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്.

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെപുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാംക്ലാസുകാരന്‍ വീട്ടില്‍നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇവിടെയെത്തുന്നത്. ജുവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ഒമ്പതാംക്ലാസുകാരന് മയക്കുമരുന്ന് കൊടുത്തയാളുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടി സി.ഐ. ഹണി.കെ.ദാസ്, എസ്.ഐ.മാരായ പ്രദീപ്കുമാര്‍, പരമേശ്വരന്‍, പോലീസുകാരായ രാമചന്ദ്രന്‍, രഞ്ജിത്ത്, ദിലീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!