ചെട്ടിയാംപറമ്പ് ഗവ: യു.പി. സ്‌കൂൾ കെട്ടിടോദ്ഘാടനം

കേളകം : ഈ വർഷം എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതാണ് പുതിയ പാഠ്യപദ്ധതി. മതേതരത്വം, ജനാധിപത്യം, എല്ലാവരെയും ഉൾക്കൊള്ളാനുള്ള സന്നദ്ധ, മാനവിക ബോധം എന്നിവ പാഠ്യപദ്ധതിയിലെ അടിസ്ഥാന ആശയങ്ങളാണ്. ലിംഗസമത്വം, ലിംഗാവബോധം, ശാസ്ത്രീയ യുക്തിചിന്ത, സംഘടനാ മൂല്യം എന്നിവ ഉൾക്കൊള്ളാൻ പുതിയ പാഠ്യപദ്ധതിക്കാവും. – മന്ത്രി പറഞ്ഞു. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പി.എസ്.സി.ക്ക് നൽകാൻ പോകുന്നുവെന്ന പ്രചരണം നടക്കുന്നുണ്ട്. നിലവിൽ സർക്കാർ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ പ്ലാൻ ഫണ്ട് വിനിയോഗിച്ച് 474.76 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ട് നില കെട്ടിടമാണ് നിർമ്മിച്ചത്. ഇരു നിലകളിലും നാല് ക്ലാസ് മുറികൾ വീതവും ഓരോ സ്റ്റോർ മുറി വീതവുമാണ് ഉള്ളത്.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്‌സി.എഞ്ചിനീയർ കെ. ജിഷാകുമാരി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ്, ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ പി.വി. പ്രദീപൻ, ഇരിട്ടി എ.ഇ.ഒ ജി. ശ്രീകുമാർ, ബി.പി.സി തുളസീധരൻ, പ്രഥമാധ്യാപിക പി.കെ. കുമാരി, സംഘാടക സമിതി ചെയർമാൻ സണ്ണി കണിയാഞ്ഞാലിൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. പഞ്ചായത്തംഗങ്ങൾ, രക്ഷാകർതൃ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.