വീട്ടിനുള്ളില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ അഗ്‌നിരക്ഷാസേന രക്ഷപെടുത്തി

സുൽത്താൻബത്തേരി: വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൈപ്പഞ്ചേരി ഭാഗത്ത് അശ്രദ്ധമൂലമാണ് രണ്ട് വയസുകാരൻ വീടിനുള്ളിൽ കുടുങ്ങിയത്. ഒരു അപ്പാർട്ട്മെന്റിലാണ് സംഭവമുണ്ടായത്. വീട്ടുകാര്‍ പുറത്തിറങ്ങിയ സമയത്ത് അകത്തെ കുറ്റി അബദ്ധവശാല്‍ കുട്ടി ലോക്ക് ആക്കുകയായിരുന്നു.
ഇരുമ്പ് വാതില്‍ ആയതിനാല്‍ കുട്ടിക്ക് തുറക്കാന്‍ സാധിച്ചതുമില്ല, ഈ സമയം എല്‍.പി.ജി അടുപ്പ് കത്തുന്നുമുണ്ടായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സുൽത്താൻബത്തേരി അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തൊട്ടടുത്ത ജനല്‍ കമ്പി അറുത്ത് മാറ്റി കുട്ടിയെ രക്ഷപെടുത്തി.
സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. സിജു, എം.വി ഷാജി, ധനീഷ്‌കുമാര്‍, കീര്‍ത്തിക് കുമാര്‍, ഹോം ഗാര്‍ഡ് ബാബു മാത്യു എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.