ക്ഷീരകർഷകർക്ക് പ്രോത്സാഹനമായി ലിറ്ററിന് നാല് രൂപ

Share our post

തിരുവനന്തപുരം: ക്ഷീരകർഷകർ ക്ഷീരസഹകരണസംഘങ്ങളിൽ നൽകുന്ന പാലിന് ലിറ്ററിന് നാലുരൂപ പ്രോത്സാഹനധനമായി നൽകും. ഓഗസ്റ്റ് ഒന്നുമുതലാണിത്. ജൂലായിൽ നൽകിയ പാലിന് ഓഗസ്റ്റിൽ ഈ പണം കർഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തും. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്.

പശുവളർത്തിലിന് ചെലവേറിയെങ്കിലും ഇനിയും പാൽവില കൂട്ടാനാകാത്ത സാഹചര്യത്തിലാണ് ഈ ഇൻസെന്റീവ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള മിൽമയും കേരള ഫീഡ്‌സും ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയ്ക്ക് വില കൂട്ടില്ല. എന്നാൽ, വിപണിയിലെ കാലിത്തീറ്റവില നിയന്ത്രണത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇൻസെൻറീവ് നൽകുന്നത്. നേരത്തേ ചില തദ്ദേശസ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കിയിരുന്ന ഈ പദ്ധതി എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയാണ്. 66 തദ്ദേശസ്ഥാപനങ്ങൾ ഒഴികെയുള്ളവ ഇതിനായി പണം നീക്കിവെക്കാൻ തയ്യാറായിട്ടുണ്ട്.

കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പശുക്കളെ വളർത്താൻ പശുവൊന്നിന് 20,000 രൂപ നാലുശതമാനം പലിശയ്ക്ക് വായ്പനൽകും. ഇതിൽ ആദ്യം പലിശമാത്രം തിരിച്ചടച്ചാൽ മതി. മാസം 80 രൂപ. രണ്ടുലിറ്റർ പാലിന്റെ വിലകൊണ്ട് പലിശ അടയ്ക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ ഡെയറി പാർക്ക് കോലാഹലമേട്ടിൽ ഉടൻ പ്രവർത്തനം തുടങ്ങും. കിടാരികളെ കർഷകരിൽനിന്ന് ഏറ്റെടുത്ത് 30 മാസം വളർത്തി തിരികെനൽകുന്ന കിടാരി ഫാം നടപ്പാക്കും. ലിംഗനിർണയം നടത്തിയ ബീജം ഉപയോഗിച്ച് ഇവയിൽ പശുക്കുട്ടികളെ ഉത്പാദിപ്പിച്ചശേഷമാവും തിരികെ നൽകുക. കർഷകർ 30 മാസത്തെ പരിപാലനച്ചെലവ് നൽകണം.

152 ബ്ലോക്കുകൾക്കും മൃഗചികിത്സയ്ക്കുള്ള ആംബുലൻസുകൾ നൽകും. ശാസ്ത്രീയരീതിയിലുള്ള ഫാമുകൾ സ്ഥാപിക്കുന്നതിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി പറഞ്ഞു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!