ഭക്ഷണശാലകൾക്ക് ഗ്രേഡിങ് നടത്തും -മന്ത്രി
ഭക്ഷണശാലകൾക്ക് ഗ്രേഡിങ് നടത്തി ജില്ലാതലത്തിലുള്ള ഗുണനിലവാര ഗ്രേഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ.
ഒരുവർഷത്തിനിടെ ഭക്ഷ്യസുരക്ഷാപരിശോധനയിൽ ഗുരുതരക്രമക്കേട് കണ്ടെത്തിയ 355 ഹോട്ടലുകൾ പൂട്ടി. ശബരിമലയിലെ പ്രസാദവിതരണമടക്കം പരിശോധിക്കാൻ പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷാപരിശോധനാ ലാബ് സ്ഥാപിക്കും.
അങ്കണവാടികളിലടക്കം നൽകുന്ന ഭക്ഷണം ശുദ്ധമെന്ന് ഉറപ്പാക്കും. എല്ലാ ഭക്ഷണശാലകളും വർഷത്തിലൊരിക്കലെങ്കിലും പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും. ഷവർമയുണ്ടാക്കി വിതരണംചെയ്യാൻ മാനദണ്ഡം നിശ്ചയിച്ചു.
എല്ലാ ജില്ലകളിലും മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബുകൾ സജ്ജമാക്കിയതായും ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും എ.പി. അനിൽകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
