സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പകുതി സീറ്റിൽ സർക്കാർ ഫീസ് അടുത്തകൊല്ലം മുതൽ
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റിൽ സർക്കാർ ഫീസെന്ന നിർദേശം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാൻ നീക്കം തുടങ്ങി. ദേശീയ മെഡിക്കൽ കമ്മിഷനാണ് ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, പുതിയ മാനദണ്ഡം നടപ്പാക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാരുകൾ തയ്യാറാകണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.
മാനദണ്ഡങ്ങൾ അടുത്തവർഷം മുതൽ നടപ്പാക്കുമെന്ന് വിവരാവകാശനിയമപ്രകാരമുള്ള മറുപടിയിലും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞ ഫീസാണ് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിപ്പോൾ വാങ്ങുന്നത്. നടത്തിപ്പുപോലും ബുദ്ധിമുട്ടാകുന്നതാണ് സ്ഥിതി. പകുതി സീറ്റിൽ സർക്കാർ ഫീസ് വരുമ്പോഴുണ്ടാകുന്ന നഷ്ടം ബാക്കി പകുതി സീറ്റുകളുടെ ഫീസ് നിർണയത്തിൽ പരിഗണിച്ചാൽ എതിർപ്പുണ്ടാകില്ല. അധികൃതർ ഏകപക്ഷീയമായി നീങ്ങിയാൽ മാത്രമേ നിയമവഴികൾ ആലോചിക്കുകയുള്ളൂ.
