സ്ഥലം ലഭ്യമായാൽ മലയോരത്ത്‌ കെ.എസ്‌.ആർ.ടി.സി ഓപ്പറേഷൻ സെന്റർ

Share our post

കണ്ണൂർ : സ്ഥലം ലഭ്യമായാൽ ഇരിക്കൂർ, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളിൽ കെ.എസ്‌.ആർ.ടി.സി ഓപ്പറേഷൻ സെന്ററുകൾ ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ഡിപ്പോ യാർഡിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

തെക്കൻ മേഖലയെ അപേക്ഷിച്ച്‌ വടക്കൻ മേഖലയിൽ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ കുറവാണ്‌. ഗ്രാമവണ്ടി പദ്ധതി യാഥാർഥ്യമാകുന്നതോടെ ഉൾപ്രദേശങ്ങളിലും കെ.എസ്‌.ആർ.ടി.സി സർവീസെത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ ബസ്‌ സർവീസ്‌ നടത്തുക. 30ന്‌ പാറശാലയിൽ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്ന പദ്ധതിയിലൂടെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന്‌ പരിഹാരമാകും. 

പൊതു– സ്വകാര്യപങ്കാളിത്തത്തോടെ നിർമിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ്‌ കം ബസ്‌സ്‌റ്റാൻഡുകളിൽ കണ്ണൂരിനും പ്രഥമപരിഗണന നൽകും. കെ.എസ്‌.ആർ.ടി.സി പമ്പുകൾ സ്വകാര്യവാഹനങ്ങൾക്കായി തുറന്നു നൽകിയതോടെ വരുമാനം വർധിച്ചു. കെ.എസ്‌.ആർ.ടി.സി.യുടെ വരുമാനം വർധിപ്പിക്കുന്നതിന്‌ നടപ്പാക്കിയ പദ്ധതികളെല്ലാം വിജയത്തിലാണെന്നും മന്ത്രി പറഞ്ഞു. 

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്നും അനുവദിച്ച 78 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ ഡിപ്പോ യാർഡ്‌ നവീകരിച്ചത്‌. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ദിവ്യ, കൗൺസിലർ പി.കെ. അൻവർ, എൻ. ഉഷ, ജോജി ആനിത്തോട്ടം, ജോയി കൊന്നക്കാട്ടിൽ, ജോസ്‌ ചെമ്പേരി, ജോസഫ്‌ ചുക്കാനാണ്ടി, മഹമ്മൂദ്‌ പുറക്കാട്ട്‌, ജി.പി പ്രദീപ്‌കുമാർ, ഷറഫ്‌ മുഹമ്മദ്‌, പി സന്തോഷ്‌കുമാർ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!