സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ഇന്‍ഷുറന്‍സ് അടച്ചാല്‍ മതി; വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയും
കൊച്ചി : വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) അനുമതി നല്‍കി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത്.
ഇന്‍ഷുറന്‍സ് രംഗത്ത് പുതിയ സാങ്കേതികവിദ്യയുടെ കടന്നുവരവ് അതിവേഗമാണെന്നും പോളിസിയുടമകളുടെ മാറുന്നആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന രീതിയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് മാറ്റങ്ങളുണ്ടാകണമെന്നും പറഞ്ഞാണ് ഐ.ആര്‍.ഡി.എ.ഐ. കരടുനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഓണ്‍ ഡാമേജ് കവറേജില്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി മൂന്നുതരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. വര്‍ഷം വാഹനം എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു, ഡ്രൈവിങ് രീതി എന്നിവ കണക്കാക്കിയുള്ളതാണ് ഇതില്‍ രണ്ടെണ്ണം. ഒരേ വാഹന ഉടമയുടെ വിവിധ വാഹനങ്ങള്‍ക്ക് ബാധകമാകുന്ന ഫ്‌ളോട്ടര്‍ പോളിസിയാണ് മൂന്നാമത്തേത്. വാഹനത്തിന്റെ ഉപയോഗമനുസരിച്ചാണ് പോളിസിയുടെ പ്രീമിയം നിര്‍ണയിക്കുന്നത്.
മുംബൈപോലെ പൊതുഗതാഗത സംവിധാനം കൂടുതലുപയോഗിക്കുന്ന സ്ഥലങ്ങളില്‍ വാഹന ഉടമകളില്‍ പലരും ആഴ്ചാവസാനം മാത്രമാകും സ്വന്തം വാഹനം ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഏറെ നേട്ടമാകുന്നതാണ് തീരുമാനം. വാഹനങ്ങളിലെ ജി.പി.എസ്. സംവിധാനത്തില്‍നിന്നുള്ള ടെലിമാറ്റിക് വിവരങ്ങള്‍ വിശകലനം ചെയ്താകും ഇന്‍ഷുറന്‍സ് കമ്പനികള്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കാനും ഐ.ആര്‍.ഡി.എ.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.
നിശ്ചിത കിലോമീറ്റര്‍ യാത്രയ്ക്ക് പോളിസിയെടുത്ത് കാലാവധി തീരും മുമ്പ് ഈ കിലോമീറ്റര്‍ പിന്നിട്ടാല്‍ ആഡ് ഓണ്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നല്‍കാനും വ്യവസ്ഥയുണ്ട്. വാഹന ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് പുതിയ പോളിസികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.
